പട്‌ന : ബീഫ് കഴിച്ചു എന്ന സംശയത്തിന്റെ പേരില്‍ ബിഹാറില്‍ ഏഴു മുസ്ലീം യുവാക്കളെ ഗോസംരക്ഷകര്‍ മര്‍ദിച്ചവശരാക്കി. മര്‍ദനമേറ്റ യുവാക്കളെ മൃഗങ്ങളോട് ക്രൂരത കാട്ടിയെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തിയെന്നും ആരോപിച്ച് പോലിസ് അറസ്റ്റു ചെയ്യുകയുമുണ്ടായി. പശ്ചിമ ചമ്പാരന്‍ ജില്ലയിലെ ദംറയിലാണ്
സംഭവം. ബീഫ് കഴിച്ചതായി സംശയം തോന്നിയതിനെത്തുടര്‍ന്ന് മുഹമ്മദ് സഹബുദ്ദീന്‍ , കുദൂസ് ഖുറേഷി എന്നിവരുടെ വീട്ടിലേക്ക് അക്രമിസംഘം ഇരച്ചെത്തുകയായിരുന്നു. ഒരു കന്നുകുട്ടിയെ മോഷ്ടിക്കുകയും അതിനെ കൊന്ന് ഇറച്ചി കഴിക്കുകയും ചെയ്തു എന്നാരോപിച്ച് ഇരുവരെയും ഏതാനും അയല്‍വാസികളെയും അക്രമികള്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. ഒടുവില്‍ പോലിസ് എത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. മര്‍ദനം നടത്തിയവര്‍ക്കെതിരെ പരാതിയൊന്നും ലഭിക്കാത്തതിനാലാണ് അവരെ അറസ്റ്റ് ചെയ്യാത്തതെന്നാണ് പോലിസിന്റെ വിശദീകരണം.