ടെഹ്റാൻ: ഇറാനിലെ മുൻ വിദേശകാര്യമന്ത്രിയും മുതിർന്ന വിമത രാഷ്ട്രീയ നേതാവുമായ ഇബ്രാഹിം യസ്ദി (85) അന്തരിച്ചു. പടിഞ്ഞാറൻ തുർക്കിഷ് നഗരമായ ഇസ്മിറിലെ വസതിയിലായിരുന്നു അന്ത്യം. 1979ലെ ഇസ്ലാമിക വിപ്ലവത്തിൽ ആയത്തുള്ള ഖമേനിയോടൊപ്പം സജീവ സാന്നിധ്യമായിരുന്നു യസ്ദി.
1953-ല് തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മുഹമ്മദ് മൊസാദേയുടെ സർക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചടക്കിയ മുഹമ്മദ് റേസ പഹ്ലവി ഇറാനിൽ നിന്ന് യസ്ദിയെ നാടുകടത്തിയിരുന്നു.1979ൽ ഷായെ പുറത്താക്കിയ വിപ്ലവത്തെ തുടര്ന്ന് ഇറാനിലേക്ക് മടങ്ങിയെത്തിയ യസ്ദി വിദേശകാര്യമന്ത്രിയായി. പിന്നീടു യസ്ദിയും ഫ്രീഡം പാർട്ടിയും ഖമേനി വിരുദ്ധനിലപാട് സ്വീകരിച്ചതോടെ മന്ത്രിസ്ഥാനം നഷ്ടമായി. 1983 വരെ പാർലമെന്റ് അംഗമായിരുന്നു. എന്നാൽ വിമതപക്ഷത്തായതിനാൽ രാഷ്ട്രീയ എതിരാളികളാൽ നിരന്തരം വേട്ടയാടപ്പെട്ടു
2002ൽ യെസ്ദിയുടെ സെകുലർ ഫ്രീഡം മൂവ്മെന്റ് ഓഫ് ഇറാൻ പാർട്ടിയെ സർക്കാർ നിരോധിച്ചു. 2011ൽ രാജ്യസുരക്ഷ തകർക്കാൻ ശ്രമിച്ചത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തി യസ്ദിയെ എട്ടുവർഷം തടവിന് ശിക്ഷിച്ചെങ്കിലും ആരോഗ്യം മോശമായതിന്റെ പേരിൽ അദ്ദേഹത്തെ വിട്ടയച്ചു. മിതവാദിയായ പ്രസിഡന്റ് ഹസന് റുഹാനിക്ക് യസ്ദി പിന്തുണ കൊടുത്തിരുന്നു.