കിങ്‌സ്ടൗണ്‍: കരീബിയന്‍ ക്രിക്കറ്റ് ലീഗില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച് വിന്‍ഡീസ് താരം ഡാരന്‍ ബ്രാവോ. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന് വേണ്ടി 10 പന്തില്‍ ആറ് സിക്‌സര്‍ പറത്തിയാണ് ബ്രാവോ കൈയടി നേടിയത്. ക്രിസ് ഗെയ്ല്‍ ക്യാപ്റ്റനായ കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോറ്റ്‌സ് ടീമിനെതിരെയായിരുന്നു ബ്രാവോയുടെ തകര്‍പ്പന്‍ പ്രകടനം.
ആദ്യം ബാറ്റ് ചെയ്ത് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോറ്റ്‌സ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് അടിച്ചെടുത്തു. 47 പന്തില്‍ 93 റണ്‍സെടുത്ത ക്രിസ് ഗെയ്‌ലിന്റെ ബാറ്റിങാണ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോറ്റ്‌സിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. എന്നാല്‍ മറുപടിക്ക് ഇറങ്ങും മുമ്പ് മഴ വില്ലനായപ്പോള്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ വിജയ ലക്ഷ്യം 6 ഓവറില്‍ 86 റണ്‍സായി പുനര്‍നിര്‍ണയിക്കുകയായിരുന്നു. മുന്‍ ന്യൂസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലവും ഡാരന്‍ ബ്രാവോയും ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കത്തിക്കയറിയപ്പോള്‍ നാല് പന്തുകള്‍ ശേഷിക്കെ ടീം എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. ബ്രാവോ പുറത്താവാതെ 38 റണ്‍സ് നേടിയപ്പോള്‍ മക്കല്ലം 14 പന്തില്‍ 40 റണ്‍സും അടിച്ചെടുത്തു.