
മിന: സ്രഷ്ടാവിന്റെ വിളിക്ക് ഉത്തരംനല്‍കി അഷ്ടദിക്കുകളില്‍ നിന്നെത്തിയ ഹാജിമാര്‍ ഇന്ന് മിനായില്‍ ഒത്തുചേരും.
ഇതോടെ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമാകും. നാളെയാണ് ഹജ്ജിന്റെ പ്രധാന ചടങ്ങായ ലോകത്തെ ഏറ്റവും വലിയ സംഗമം കൂടിയായ അറഫാസംഗമം. തല്‍ബിയത്ത് മന്ത്രങ്ങളാല്‍ മുഖരിതമാകുന്ന മിനായിലേക്ക് ഇന്നലെ മധ്യാഹ്ന നിസ്‌കാര ശേഷം തന്നെ പ്രയാണം ആരംഭിച്ചിരുന്നു.
ദുല്‍ഹജ്ജ് എട്ട് ആയ ഇന്ന് ഹാജിമാര്‍ക്ക് പ്രത്യേക ആരാധനകളൊന്നുമില്ലെങ്കിലും ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാസംഗമത്തിനുള്ള തയാറെടുപ്പിലാണ് ഹാജിമാര്‍. ഇന്ത്യന്‍ ഹാജിമാര്‍ ഇന്നലെ വെകിട്ട് മുതല്‍ മിനാ ലക്ഷ്യമാക്കി യാത്ര തുടങ്ങിയിരുന്നു. മലയാളി ഹാജിമാരെല്ലാം ഇന്നു പുലര്‍ച്ചെയോടെയാണ് മിനാ തമ്പുകളില്‍ എത്തിച്ചേര്‍ന്നത്.
‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്’ എന്നു തുടങ്ങുന്ന തല്‍ബിയത്ത് ചൊല്ലി മക്കയിലെ മസ്ജിദുല്‍ ഹറം പള്ളിക്കു ചുറ്റുമുള്ള താമസകേന്ദ്രങ്ങളില്‍നിന്ന് ചെറുസംഘങ്ങളായാണ് മിനായിലേക്കുള്ള തീര്‍ഥാടകരുടെ ഒഴുക്ക് ആരംഭിച്ചത്.
പാപങ്ങളും സങ്കടങ്ങളും എണ്ണിപ്പറഞ്ഞു വിതുമ്പുന്ന ഹൃദയങ്ങള്‍ക്ക് മിനാ താഴ്‌വരയും തമ്പുകളും ഇന്നുരാത്രി സാക്ഷിയാകും. സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹാജിമാരും മദീനയില്‍ നിന്നെത്തുന്നവരും കഅ്ബയെ പ്രദക്ഷിണം ചെയ്ത ശേഷമാണ് മിനായിലേക്കു തിരിക്കുക.
ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ പുലര്‍ച്ചെയോടെ തന്നെ മിനാ തമ്പുകളില്‍ എത്തിച്ചേര്‍ന്നതായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. കനത്ത സുരക്ഷയില്‍ സഊദി അധികൃതര്‍ നല്‍കിയ ക്രമീകരണത്തിന്റെ അടിസ്ഥാനത്തില്‍ മുതവ്വിഫുമാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സഞ്ചാരാനുമതിയുള്ള ബസുകളിലാണ് ഹാജിമാര്‍ മിനായിലെത്തിയത്.
വിവിധ രാജ്യങ്ങള്‍ക്കും സംഘങ്ങള്‍ക്കും പ്രത്യേകം സമയവും നല്‍കിയിരുന്നു. ഹാജിമാര്‍ക്കുള്ള ഹജ്ജ് പാസ്, ടെന്റ് നമ്പറുകള്‍, ഭക്ഷണ കൂപ്പണുകള്‍, ബലി കൂപ്പണ്‍, വഴികളുടെ വിശദീകരണം നല്‍കുന്ന മാപ്പ്, മശാഇര്‍ ട്രെയിനിന്റെയും ബസിന്റെയും ടിക്കറ്റുകള്‍ തുടങ്ങിയവയുടെ വിതരണം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഹജ്ജ് സൗഹൃദസംഘമാണ് ഇന്ത്യന്‍ ഹാജിമാരെ നയിക്കുന്നത്. ബി.ജെ.പി വക്താവ് സയ്യിദ് സഫര്‍ ഇസ്‌ലാമും ഇന്ത്യന്‍ ഹജ്ജ് സൗഹൃദസംഘത്തിലുണ്ട്.
മിനായില്‍ അഞ്ചുനേരത്തെ നിസ്‌കാരം പൂര്‍ത്തിയാക്കി അര്‍ധരാത്രിക്കു ശേഷം ഹാജിമാര്‍ അറഫാമൈതാനം ലക്ഷ്യമാക്കി നീങ്ങും. നാളെ ഉച്ചയോടെ മുഴുവന്‍ ഹാജിമാരും അറഫയില്‍ എത്തും.
പ്രത്യേക മശാഇര്‍ ട്രെയിന്‍ സര്‍വിസുകള്‍, ബസ് തുടങ്ങിയവ വഴിയും കാല്‍നടയായുമായാണ് ഹാജിമാര്‍ അറഫയിലേക്ക് നീങ്ങുക. നാളെ അറഫാസംഗമത്തിന് ശേഷം ഹാജിമാര്‍ മുസ്ദലിഫ ലക്ഷ്യമാക്കി നീങ്ങും. കനത്ത ചൂട് ഹാജിമാര്‍ക്ക് ബുദ്ധിമുട്ടുണ്ടണ്ടാക്കുമെന്ന് മുന്നറിയിപ്പുണ്ട്. 44 ഡിഗ്രിക്ക് മുകളിലാണ് പുണ്യനഗരികളിലെ താപനില.