
കാഠ്മണ്ഡു: ആതിഥേയരായ നേപാളിനെ തകര്‍ത്ത് ഇന്ത്യ അണ്ടര്‍ 15 ടീമിന് സാഫ് കപ്പ്. ഫൈനല്‍ പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകളുമായാണ് ഇന്ത്യന്‍ കൗമാര താരങ്ങള്‍ കപ്പുയര്‍ത്തിയത്. കഴിഞ്ഞ തവണ ഫൈനലില്‍ പുറത്തായ ഇന്ത്യന്‍ അണ്ടര്‍ 15 ടീമിന്റെ രണ്ടാം സാഫ് കപ്പാണിത്. 2013ലും നേപാളിനെ തകര്‍ത്ത് ഇന്ത്യ കിരീടം ചൂടിയിരുന്നു. ഫൈനല്‍ മല്‍സരത്തില്‍ ആത്മവിശ്വാസത്തില്‍ നേപാളിനെ നേരിടാനിറങ്ങിയ ഇന്ത്യയുടെ തുടക്കം അത്ര നല്ലതായിരുന്നില്ല. 40ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റിയിലൂടെ നേപാള്‍ ആധിപത്യം നേടിയപ്പോള്‍ ആദ്യപകുതി ഇന്ത്യക്ക് തിരിച്ചടിക്കാനായില്ല. രണ്ടാംപകുതിയില്‍ ഉണര്‍ന്നു കളിച്ച ഇന്ത്യക്കു വേണ്ടി ലാല്‍റൊകിമ 58ാം മിനിറ്റില്‍ സമനില കണ്ടെത്തി. ക്വാര്‍ട്ടര്‍, സെമി മല്‍സരങ്ങളിലെ ഗോള്‍ വേട്ടക്കാരനായ വിക്രം സിങ് 74ാം മിനിറ്റില്‍ വിജയ ഗോള്‍ സമ്മാനിച്ചതോടെ ഇന്ത്യ കിരീടം ഉറപ്പിച്ചു. ടൂര്‍ണമെന്റിലെ അഞ്ചാം ഗോള്‍ വിജയ ഗോളാക്കി മാറ്റിയ വിക്രം സിങ് ടോപ് സ്‌കോററായി.