വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 25 August 2017

ഭുവനേശ്വറും ധോണിയും രക്ഷകരായി: ലങ്കന്‍ മണ്ണില്‍ ഇന്ത്യക്ക് ആവേശ ജയം


കാന്‍ഡി: ഭുവനേശ്വര്‍ കുമാര്‍, നിങ്ങള്‍ക്ക് നന്ദി. പേരുകേട്ട ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസങ്ങള്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നടിഞ്ഞ മൈതാനത്ത് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്ന് സംരക്ഷിച്ച് വിജയതീരത്തെത്തിച്ചതിന്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഭുവനേശ്വറിന്റെ (53*) അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ മൂന്ന് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍  236 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ 44.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയംകണ്ടു. മഴ കളി തടസപ്പെടുത്തിയപ്പോള്‍ ഇന്ത്യയുടെ വിജയ ലക്ഷ്യം 47 ഓവറില്‍ 231 റണ്‍സെന്ന നിലയില്‍ പുനര്‍നിശ്ചയിച്ചിരുന്നു. എം എസ് ധോണി (45) പുറത്താവാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് കരുത്തായത് അര്‍ധ സെഞ്ച്വറി നേടിയ ശ്രീവര്‍ധനയുടെ ബാറ്റിങാണ് (58). കപുഗേദര (40) ഭേദപ്പെട്ട ബാറ്റിങ് പ്രകടനം പുറത്തെടുത്തു.ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബൂംറ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ചാഹല്‍ രണ്ടും ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി തിളങ്ങി.
മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്കുവേണ്ടി രോഹിത് ശര്‍മയും (54) ശിഖാര്‍ ധവാനും(49) ചേര്‍ന്ന് ഗംഭീര തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 109 റണ്‍സാണ് ടീമിന് സമ്മാനിച്ചത്. എന്നാല്‍ രോഹിതും ധവാനും മടങ്ങിയതിന് പിന്നാലെ ഇന്ത്യയെ കാത്തിരുന്നത് വന്‍ ദുരന്തമായിരുന്നു. കോഹ്‌ലിക്ക് മുമ്പേ രണ്ടാം നമ്പറില്‍ ഇറങ്ങിയ കെ എല്‍ രാഹുല്‍ (4), കേദാര്‍ ജാദവ് (1), വിരാട് കോഹ്‌ലി (4), ഹര്‍ദിക് പാണ്ഡ്യ (0), അക്‌സര്‍ പട്ടേല്‍ (6) എന്നിവര്‍ വന്നതിലും വേഗം മടങ്ങിയതോടെ ഇന്ത്യ തോല്‍വിയെ മുന്നില്‍ കണ്ടു. 15.3 ഓവറില്‍ ഒരു വിക്കറ്റിന് 109 റണ്‍സെന്ന നിലയില്‍ നിന്ന് 21.5 ഓവറില്‍ ഏഴ് വിക്കറ്റിന് 131 റണ്‍സെന്ന നിലയിലേക്ക് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് കൂപ്പുകുത്തി. എന്നാല്‍ അവസരോചിത അര്‍ധ സെഞ്ച്വറിയോടെ ധോണിക്കൊപ്പം കത്തിക്കയറിയ ഭുവനേശ്വര്‍ ഇന്ത്യക്ക് ആവേശ ജയം സമ്മാനിക്കുകയായിരുന്നു. 80 പന്തുകള്‍ നേരിട്ട് നാല് ഫോറും ഒരു സിക്‌സറും പറത്തിയാണ് ഭുവനേശ്വര്‍ അര്‍ധ സെഞ്ച്വറി നേടിയത്. എട്ടാം വിക്കറ്റില്‍ ധോണിയുമൊത്ത് 100 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഭുവനേശ്വര്‍ പടുത്തുയര്‍ത്തിയത്. ശ്രീലങ്കയ്‌ക്കെതിരെ ഒരു ടീം നേടുന്ന ഉയര്‍ന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണിത്.