
ജിദ്ദ: വിശുദ്ധ കഅ്ബയെ അണിയിക്കാനുള്ള പുതിയ പുടവ പതിവു ചടങ്ങനുസരിച്ച് കഅ്ബയുടെ താക്കോല്‍സൂക്ഷിപ്പുകാരനായ ഡോ. സാലിഹ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ശൈബിക്ക് കൈമാറി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനു വേണ്ടി അദ്ദേഹത്തിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് ഫൈസല്‍ രാജകുമാരനാണ് പുടവ കൈമാറിയത്. മക്ക ഗവര്‍ണറേറ്റില്‍ നടന്ന ചടങ്ങില്‍ ഉന്നത ഉദ്യോഗസ്ഥരും മറ്റും പങ്കെടുത്തു.16 കഷണങ്ങളായി 47 മീറ്ററാണ് പുടവയുടെ വലുപ്പം. മുന്തിയതരം പട്ട് ഉപയോഗിച്ച് പൂര്‍ണമായും കറുത്ത നിറത്തില്‍ തീര്‍ത്ത പുടവയ്ക്ക് 22 ദശലക്ഷം റിയാലാണ് ചെലവ്. പുടവയുടെ ഏറ്റവും മുകളിലായി വിശുദ്ധ ഖുര്‍ആനിന്റെ സൂക്തങ്ങളും അല്ലാഹുവിന്റെ നാമങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. താഴെനിന്ന് ആറര മീറ്റര്‍ ഉയരത്തിലും ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണാം. വെള്ളിയിലും സ്വര്‍ണത്തിലും തീര്‍ത്ത നൂലുകൊണ്ടാണ് ഇസ്‌ലാമിക് കാലിഗ്രഫിയില്‍ സൂക്തങ്ങളും അല്ലാഹുവിന്റെ നാമങ്ങളും ആലേഖനം ചെയ്തത്. പ്രത്യേക പരിശീലനം നേടിയ 200ല്‍ കൂടുതല്‍ വരുന്ന സ്വദേശികളാണ് വിവിധ ഘട്ടങ്ങളിലായി ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.