
ജിദ്ദ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഇതിനകം 13 ലക്ഷം വിദേശ ഹാജിമാര്‍ സൗദിയിലെത്തിയതായി മക്ക അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ അറിയിച്ചു.ഈ വര്‍ഷം സ്വദേശികളും വിദേശികളുമായ 20.38 ലക്ഷം പേര്‍ വിശുദ്ധ ഹജ്ജ് നിര്‍വഹിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ഹജ്ജ് കര്‍മം നടക്കുന്ന പുണ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തിയശേഷം മുസ്ദലിഫയില്‍ ഗവര്‍ണറേറ്റ് ഓഫിസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മക്ക അമീര്‍ പറഞ്ഞു. സല്‍വ അതിര്‍ത്തി വഴി 443 ഖത്തറികള്‍ ഹജ്ജ് കര്‍മത്തിനായി സൗദിയിലെത്തിയിട്ടുണ്ട്. ഹജ്ജ് അനുമതിപത്രമില്ലാതെ പുണ്യനഗരിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 2,35,154 പേരെയും 1,20,000 വാഹനങ്ങളും തിരിച്ചയച്ചു. വിമാനത്താവളങ്ങള്‍, കര അതിര്‍ത്തികള്‍, ജിദ്ദ തുറമുഖം എന്നിവ വഴി ചൊവ്വാഴ്ച വരെ 13,14,211 തീര്‍ത്ഥാടകര്‍ രാജ്യത്തെത്തിയതായി സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇതേ കാലയളവില്‍ 3,29,593 പേര്‍ കൂടുതലായി എത്തിയിട്ടുണ്ട്.