ഉത്തരകൊറിയ ജപ്പാന്റെ മീതേ മിസൈൽ പായിച്ചു. വോഡ ഫോണുമായുള്ള ഇടപാടിന്റെ പേരിലുള്ള പഴയ നികുതി കേസിലെ ബാധ്യതയായ 32,320 കോടി രൂപ നല്കാൻ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് ഹച്ചിനു നോട്ടീസ് അയച്ചു.
വീഡിയോകോൺ, ജെപീ അസോസ്യേറ്റ്സ്, രുചിസോയ, ഉത്തം ഹൽവ തുടങ്ങി 42 കന്പനികളുടെ വായ്പാകുടിശികയുടെ പേരിൽ പാപ്പർ പ്രഖ്യാപന നടപടികൾ തുടങ്ങാന് റിസർവ് ബാങ്ക് നിർദേശം നൽകി.
മൂന്നും ഇന്ത്യൻ കന്പോളങ്ങളെ പൊള്ളിച്ചു. സെൻസെക്സ് 1.14 ശതമാനവും നിഫ്റ്റി 1.18 ശതമാനവും ഇടിഞ്ഞു. ഉത്തരകൊറിയൻ മിസൈൽമൂലം ഏഷ്യൻ വിപണികളെല്ലാം താഴ്ന്നാണു ക്ലോസ് ചെയ്തത്. യൂറോപ്പ് തുടങ്ങിയതും താഴെയാണ്. ഡോളർ വിദേശ വിപണികളിൽ താഴോട്ടുപോയി. സ്വർണവില വർധിച്ചു.
ഇതിനു പുറമെയാണ് വോഡഫോൺ വിഷയവും കിട്ടാക്കട പ്രശ്നവും വന്നത്. ഡെറിവേറ്റീവ് വിപണിയിൽ ഓഗസ്റ്റ് മാസ കോൺട്രാക്ടുകളുടെ കാലാവധി അവസാനിക്കുന്നതുകൂടിയായപ്പോൾ ഓഹരികൾക്കു നിലയില്ലാതായി.
സെൻസെക്സ് 362.43 പോയിന്റ് താണ് 31,388.39 ലും നിഫ്റ്റി 116.75 പോയിന്റ് താണ് 9796.05ലും ക്ലോസ് ചെയ്തു. 50 ദിവസത്തെ മൂവിംഗ് ആവറേജിനു താഴെ നിഫ്റ്റി പോയതു വിപണി ദുർബലനിലയിലാണെന്നു കാണിക്കുന്നു.
താപവൈദ്യുതി ഉത്പാദിപ്പിക്കുന്ന എൻടിപിസിയുടെ വില 2.8 ശതമാനം താണ് 168.5 രൂപയിലെത്തി. അഞ്ചു ശതമാനം എൻടിപിസി ഓഹരികൾ 168 രൂപ വിലയ്ക്കു വില്ക്കാൻ കേന്ദ്രം തീരുമാനിച്ചതായ വാർത്തയെ തുടർന്നാണിത്. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, ഇൻഫോസിസ് തുടങ്ങിയവയും ഗണ്യമായ താഴ്ച കുറിച്ചു.
ഹച്ചിനെ വീണ്ടും വേട്ടയാടുന്നു
ഹോങ്കോംഗിലെ ലി കാ-ഷിംഗിന്റെ വക ഹച്ച് ടെലികോമിന് ഇന്ത്യയിലെ ഹച്ച് -എസാർ സംയുക്തസംരംഭത്തിലുണ്ടായിരുന്ന ഓഹരി വോഡഫോൺ വാങ്ങി. അങ്ങനെ വോഡഫോൺ എന്ന ബ്രിട്ടീഷ് കന്പനി ഇന്ത്യൻ ടെലികോം വിപണിയിൽ കടന്നു. ഈ വില്പനയിൽ ഹച്ചിനു നല്ല ലാഭമുണ്ടായി. ആ ലാഭത്തിനു നികുതി നല്കണം എന്ന് ഇന്ത്യൻ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. ഹച്ചും വോഡഫോണും അതു നിരസിച്ചു. പ്രണാബ് മുഖർജി ധനമന്ത്രി ആയിരുന്നപ്പോഴാണിത്.