ന്യൂഡൽഹി: സംസ്ഥാനത്തെ എല്ലാ സ്വാശ്രയ മെഡിക്കൽ കോളജുകൾക്കും 11 ലക്ഷം രൂപ വീതം വാർഷിക ഫീസ് ഈടാക്കാൻ സുപ്രീംകോടതി അനുമതി നൽകി. സംസ്ഥാനത്തിന്റെ പുനഃപരിശോധനാ ഹർജി തള്ളിയ വിധി സർക്കാരിനു കനത്ത തിരിച്ചടിയായി.
കഴിഞ്ഞ വർഷം പത്തു ലക്ഷം രൂപയായിരുന്നു ഫീസ് എന്ന മാനേജ്മെന്റുകളുടെ വാദം കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ നടപടി. പ്രവേശനം നേടി 15 ദിവസത്തിനുള്ളിൽ ആറു ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റി നൽകണമെന്നും കോടതി വ്യക്തമാക്കി. ആറ് ലക്ഷത്തിന്റെ ബാങ്ക് ഗാരന്റി അല്ലെങ്കിൽ ബോണ്ട് എന്നതിൽ വ്യക്തത വരുത്തിക്കൊണ്ടാണ് ഇക്കാര്യത്തിലും മാനേജ്മെന്റുകളുടെ വാദം അംഗീകരിച്ചത്. സംസ്ഥാന സർക്കാർ നിയമിച്ച രാജേന്ദ്ര ബാബു കമ്മീഷൻ നിശ്ചയിച്ച അഞ്ചു ലക്ഷം രൂപ അംഗീകരിക്കാൻ കഴിയില്ലെന്നു കോടതി പറഞ്ഞു.
കഴിഞ്ഞ വർഷം പത്തു ലക്ഷം വാങ്ങിയെങ്കിൽ ഈവർഷം അതു കുറയ്ക്കുന്നതെങ്ങിനെയെന്ന് ജസ്റ്റീസുമാരായ എസ്.എ. ബോബ്ഡെ, എൽ. നാഗേശ്വര റാവു എന്നിവരുടെ ബെഞ്ച് ചോദിച്ചു. ഫീസിന്റെ കാര്യത്തിൽ ഏകീകരണമുണ്ടാകുന്നത് നല്ലതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അലോട്ട്മെന്റ് ഏതാണ്ടു പൂർത്തിയായെന്നു സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്റെ വാദം കോടതി അംഗീകരിച്ചില്ല.
സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികൾക്ക് സുപ്രീംകോടതി വിധി കനത്ത പ്രഹരവും ബാധ്യതയുമാകും. കുറഞ്ഞ ഫീസ് കണക്കാക്കി പ്രവേശനം നേടിയവർ വലിയ ഫീസും പതിനഞ്ചു ദിവസത്തിനകം അധികമായി ആറ് ലക്ഷം രൂപയും കണ്ടെത്തേണ്ടി വരും. വരും വർഷങ്ങളിലും 11 ലക്ഷം വീതം വേണം.