മക്ക: പ്രപഞ്ചനാഥന്റെ വിളിക്കുത്തരമേകി ജനലക്ഷങ്ങള്‍ സംഗമിച്ച പരിശുദ്ധ ഹജ്ജ് അവസാന ഘട്ടത്തിലേക്കു നീങ്ങുന്നു. ഹജ്ജിന്റെ നാലാം ദിനത്തിലെ കല്ലേറുകര്‍മം പൂര്‍ത്തിയാക്കിയ ഹാജിമാര്‍ മിനായിലെ തമ്പുകളില്‍ വിശ്രമിക്കുകയാ ണ്.
അറഫാ സംഗമം കഴിഞ്ഞു വെള്ളിയാഴ്ച പുലര്‍ച്ചെ മിനായിലെത്തിയ തീര്‍ത്ഥാടകര്‍ ജംറകളിലേക്കു കല്ലെറിയുന്നതിനായി ഒഴുകിയെത്തി. അതു കഴിഞ്ഞു മക്കയിലെ മസ്ജിദുല്‍ ഹറാമിലെത്തി കഅ്ബ പ്രദക്ഷിണവും (ത്വവാഫ്) സഫ-മര്‍വ മലകള്‍ക്കിടയിലെ സഅ്‌യും (നടത്തം) പൂര്‍ത്തിയാക്കിയ ശേഷം മുടി നീക്കലും ബലികര്‍മവും നിര്‍വഹിച്ചു.കല്ലേറുകര്‍മത്തെ തുടര്‍ന്നുള്ള തിരക്കില്‍ അപകടങ്ങളും ദുരന്തങ്ങളും ഉണ്ടാവുന്നത് തടയുന്നതിനായി മികച്ച സംവിധാനങ്ങളാണ് ജംറയില്‍ ഒരുക്കിയിരുന്നത്. മുന്‍വര്‍ഷങ്ങളില്‍ തിരക്കില്‍പ്പെട്ട് അപകടവും മരണവും സംഭവിച്ചിരുന്നത് പൂര്‍ണമായി തടയാന്‍ പുതിയ ക്രമീകരണങ്ങളിലൂടെ സാധ്യമായി. വളരെ ശാന്തമായാണ് കല്ലേറുകര്‍മങ്ങള്‍ നടക്കുന്നത്. ഓരോ രാജ്യക്കാര്‍ക്കും കല്ലേറിനു സമയം നിശ്ചയിച്ചത് ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഏറെ സഹായകമായി.
അറഫാ സംഗമം കഴിഞ്ഞതോടെ തീര്‍ത്ഥാടകരല്ലാത്തവര്‍ക്ക് മക്കയുടെ അതിര്‍ത്തി കവാടങ്ങള്‍ തുറന്നുകൊടുത്തിരുന്നു. സൗദിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി മാതാപിതാക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കുന്നതിനായി നിരവധി പ്രവാസികള്‍ ഹറമിലും മിനായിലും എത്തി. പ്രിയപ്പെട്ടവരുടെ ഹജ്ജ് വിശേഷങ്ങളും സുഖവിവരങ്ങളും അന്വേഷിച്ച് സ്‌നേഹോപഹാരങ്ങള്‍ സമ്മാനിച്ചാണ് പലരും ജോലിസ്ഥലങ്ങളിലേക്കു മടങ്ങിയത്. ഇന്നും നാളെയുമായി കല്ലേറ് പൂര്‍ത്തിയാക്കിയ ശേഷം മദീന സന്ദര്‍ശനം കഴിഞ്ഞായിരിക്കും തീര്‍ത്ഥാടകര്‍ സ്വദേശത്തേക്കു മടങ്ങുക.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, കെഎംസിസി, ആര്‍എസ്‌സി, തനിമ, എസ്‌കെഐസി തുടങ്ങി വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ 3000ല്‍ അധികം വോളന്റിയര്‍മാര്‍ മിനായിലും ഹറമിലും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സേവനവുമായി രംഗത്തുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും സുഗമവും സൗകര്യപ്രദവുമായാണ് ഹജ്ജ് കര്‍മങ്ങള്‍ നടന്നതെ ന്നും സൗദി ഭരണകൂടം ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ പ്രശംസനീയമാണെ ന്നും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വോളന്റിയര്‍ ക്യാപ്റ്റന്‍ ഗഫ്ഫാര്‍ ഗള്‍ഫ് തേജസിനോട് പറഞ്ഞു.