കൊളംബോ: വിജയത്തുടർച്ചയ്ക്ക് ഇന്ത്യൻ പടയും ജീവൻമരണ പോരാട്ടത്തിന് ലങ്കൻ പടയും സുസജ്ജം; ഇന്ന് ഇന്ത്യ - ശ്രീലങ്ക ഏകദിന പരന്പരയിലെ അവസാനമത്സരം.
ടെസ്റ്റ് പരന്പര 3-0ന് തൂത്തുവാരിയ ഇന്ത്യൻ ടീം ഏകദിന പരന്പരയിലും സന്പൂർണ വിജയം നേടാനുറച്ചാണ് കളത്തിലിറങ്ങുക. ഇന്നു നടക്കുന്ന അവസാന അങ്കത്തിലും വിജയം ആവർത്തിക്കാനായാൽ 5-0 ത്തിനു ലങ്കൻപടയെ തറപറ്റിച്ചതിന്റെ ഖ്യാതി ഇന്ത്യക്കു സ്വന്തമാകും.
2014ൽ ഇന്ത്യയിൽവച്ചു നടന്ന പരന്പരയിലും ശ്രീലങ്ക ഒരു മത്സരത്തിൽപോലും വിജയംനേടാതെയാണ് ഇന്ത്യക്കുമുന്നിൽ മുട്ടുമടക്കിയത്. സന്പൂർണ തകർച്ചയുടെ പടിവാതിൽക്കൽ നിൽക്കുന്ന ലങ്കയ്ക്ക് അതിനാൽതന്നെ ഈ മത്സരം അഭിമാനപോരാട്ടമാണ്. സ്വന്തം മണ്ണിൽ അതിഥികൾക്കുമേൽ ഒരു മത്സരത്തിലെങ്കിലും വിജയം നേടാൻ അവർ കിണഞ്ഞു ശ്രമിക്കും.
പരന്പരയിൽ തുടർച്ചയായ പരാജയങ്ങൾ നേരിട്ട ആതിഥേയർക്ക് 2019ലെ ലോകകപ്പ് മത്സരത്തിലേക്കു യോഗ്യത നേടനുള്ള അസുലഭ അവസരവും ഇതുവഴി കൈവിട്ടുപോയിരുന്നു. സസ്പെൻഷൻ കാലവധി പൂർത്തിയാക്കിയ ക്യാപ്റ്റൻ ഉപുൽ തരംഗയുടെ നേതൃത്വത്തിലാകും ലങ്കൻപട കളിക്കാനിറങ്ങുക. സ്ലോ ഓവർ റേറ്റിംഗിനേത്തുടർന്നാണ് ഉപുൽ സസ്പെൻഷനിലായത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം അന്പേ പരാജയപ്പെട്ട ശ്രീലങ്കയുടെ ബാറ്റിംഗ് പട മികവു തെളിയിച്ചാലേ ലങ്കയ്ക്കു പ്രതീക്ഷയ്ക്കു വകയുള്ളൂ. ധവാൻ , കോഹ്ലി, രോഹിത് തുടങ്ങിയ ഇന്ത്യൻ ബാറ്റിംഗ് താരങ്ങൾക്കുമുന്നിൽ കഴിഞ്ഞദിവസം കാലിടറിപ്പോയ ലങ്കൻ ബൗളിംഗ് താരങ്ങളും അറിഞ്ഞു കളിച്ചേ പറ്റൂ. തുടർച്ചയായി പരാജയം നേരിട്ട് ആത്മവിശ്വാസം അപ്പാടേ നഷ്ടപ്പെട്ട ലങ്കയ്ക്ക് ഒരു ഉയിർത്തെഴുന്നേൽപ്പിനുള്ള ഉൗർജം ബാക്കിയുണ്ടോ എന്നു കണ്ടുതന്നെ അറിയണം.
എന്നാൽ, ഇന്ത്യക്ക് കാര്യങ്ങൾ അനുകൂലമാണ്. പരിക്കിന്റെ ആശങ്കകളോ പരാജയഭീതിയോ ഒന്നും ഇന്ത്യൻ ടീമിനെ അലട്ടുന്നില്ല. കഴിഞ്ഞ ദിവസം ലങ്കയെ നേരിട്ട ടീമിൽ കാര്യമായ മാറ്റമൊന്നുമില്ലാതെയാകും ഇന്ത്യ ഇന്നും കളത്തിലിറങ്ങുക. എന്നാൽ, ഹർദിക് പാണ്ഡ്യക്കു പകരം കേദാർ ജാദവിന് അവസരം ലഭിക്കാൻ സാധ്യതയുണ്ട്. ബൗളർമാർക്ക് അധിക ഭാരം നൽകാതിരിക്കാൻ ശ്രദ്ധിക്കുമെന്നു ഇന്ത്യൻ കോച്ച് രവി ശാസ്ത്രി അറിയിച്ചിരുന്നു. ധവാൻ, രോഹിത് ശർമ, ധോണി എന്നിവരൊക്കെ മികച്ച ഫോമിലാണ്.
എന്നാൽ, വെസ്റ്റ് ഇൻഡീസിനെതിരേ മിന്നും പ്രകടനം കാഴ്ചവച്ച് മാൻ ഓഫ് ദി സീരീസ് പട്ടംവരെ നേടിയ അജിങ്ക്യ രഹാനയ്ക്ക് ഇക്കുറി ടീമിനുവേണ്ടി കാര്യമായി റണ് നേടാൻ അവസരം ലഭിച്ചിട്ടില്ല. ധവാനു പകരം അജിങ്ക്യയെ ഓപ്പണിംഗിനിറക്കി കഴിവു തെളിയിക്കാൻ അവസരം കൊടുക്കാനും സാധ്യതയുണ്ട്. ഇന്ത്യയുടെ മധ്യനിരയിലും ചെറിയ പ്രശ്നങ്ങളുണ്ട്. മധ്യനിരയിൽ ബാറ്റിംഗ് താരമായ കെ.എൽ. രാഹുൽ പ്രതീക്ഷയ്ക്കൊത്തുയരാത്തതാണ് കാരണം. എന്നാൽ, കഴിഞ്ഞ മത്സരത്തിൽ അർധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെ മധ്യനിരയിലെ ഇന്ത്യൻ പ്രതീക്ഷയാണ്.