വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 4 September 2017

റോഹിന്‍ഗ്യന്‍ കുഞ്ഞുങ്ങളെ മ്യാന്‍മര്‍ സൈന്യം തലയറുത്തു കൊന്നു



യംഗൂണ്‍: മ്യാന്‍മര്‍ സൈന്യം റോഹിന്‍ഗ്യന്‍ കുഞ്ഞുങ്ങളെ തലയറുത്തു കൊല്ലുകയും സാധാരണക്കാരെ ജീവനോടെ ചുട്ടെരിക്കുകയും ചെയ്യുന്നതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു.
സൈന്യത്തിന്റെ ആക്രമണങ്ങളെത്തുടര്‍ന്നു മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത്‌നിന്നു പലായനം ചെയ്തവരാണ് റോഹിന്‍ഗ്യന്‍ വംശഹത്യയുടെ ഭീകരത വെളിപ്പെടുത്തിയത്.
ചുട്പ്യീന്‍ ഗ്രാമത്തില്‍ ഒരുകൂട്ടം റോഹിന്‍ഗ്യന്‍ പുരുഷന്‍മാരെ സൈന്യം മുളങ്കുടിലിനകത്ത് ബന്ദികളാക്കിയശേഷം കുടിലിനു തീവയ്ച്ചതായി 41കാരനായ അബ്ദുര്‍റഹ്മാന്‍ സന്നദ്ധ സംഘടനയായ ഫോര്‍ട്ടിഫൈ റൈറ്റ്‌സിനെ അറിയിച്ചു. സൈന്യം നടത്തിയ നാലു മണിക്കൂറോളം നീണ്ട ആക്രമണത്തെ അതിജീവിച്ചാണ് റോഹിന്‍ഗ്യന്‍ വംശജനായ അബ്ദുര്‍റഹ്മാന്‍ ഗ്രാമത്തില്‍നിന്നു പലായനം ചെയ്തത്. സൈന്യത്തിന്റെ ആക്രമണത്തില്‍ തന്റെ സഹോദരനും കൊല്ലപ്പെട്ടു. അവരെ കൂട്ടമായി സൈന്യം ചുട്ടെരിക്കുകയായിരുന്നു. രണ്ടു മരുമക്കളെ തലയറുത്ത നിലയില്‍ കണ്ടെത്തി. ഒമ്പത് വയസ്സും ആറു വയസ്സും മാത്രം പ്രായമുള്ള കുട്ടികളാണ് അവര്‍. തന്റെ സഹോദര പത്‌നിയെ വെടിയേറ്റ് മരിച്ച നിലയിലായിരുന്നു. മറ്റു കുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്‍ വെടിയുണ്ടകളുടെയും കത്തികൊണ്ട് കുത്തേറ്റതിന്റെയും പാടുകളോടെ ഒഴിഞ്ഞ വയലുകളിലാണു കണ്ടെത്തിയതെന്നും അബ്ദുര്‍റഹ്മാന്‍ അറിയിച്ചു.
ചുട്പ്യീനില്‍ നിന്നു തന്നെയുള്ള സുല്‍ത്താന്‍ അഹമ്മദിനും (27) സമാന അനുഭവങ്ങള്‍ തന്നെയാണു പറയാനുണ്ടായിരുന്നത്. ചിലരുടെ തല സൈന്യം ഛേദിച്ചു. ചിലരുടെ ദേഹത്ത് ആഴത്തില്‍ മുറിവേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ആക്രമണങ്ങളെത്തുടര്‍ന്നു തങ്ങള്‍ വീടുകള്‍ക്കകത്ത് ഒളിച്ചിരുന്നു. അവര്‍ വീടിനടുത്തെത്തുമെന്നായപ്പോള്‍ ഓടി രക്ഷപ്പെടേണ്ടിവന്നു- സുല്‍ത്താന്‍ അഹമ്മദ് പറയുന്നു.
റാഖൈനിലെ മറ്റു ഗ്രാമങ്ങളില്‍നിന്നു പലായനം ചെയ്ത റോഹിന്‍ഗ്യന്‍ വംശജരും സമാന അനുഭവങ്ങള്‍ പങ്കുവച്ചതായി ഫോര്‍ട്ടിഫൈ റൈറ്റ്‌സ് അറിയിച്ചു. സ്ഥിതിഗതികളുടെ രൂക്ഷത തങ്ങള്‍ക്കു പറഞ്ഞ് ഫലിപ്പിക്കാവുന്നതിലുമപ്പുറമാണെന്ന് ഫോര്‍ട്ടിഫൈ റൈറ്റ്‌സ് തലവന്‍ മാത്യൂ സ്മിത്ത് പറഞ്ഞു. സിവിലിയന്‍മാരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ മ്യാന്‍മര്‍ അധികൃതര്‍ പരാജയപ്പെടുകയാണെന്നും അന്താരാഷ്ട്ര സമ്മര്‍ദം ഈ വിഷയത്തില്‍ അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചെയ്ന്‍ ഖര്‍ ലി ഗ്രാമത്തില്‍ 700ഓളം കെട്ടിടങ്ങള്‍ സൈന്യം തീവച്ചു നശിപ്പിക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ മനുഷ്യാവകാശ സംഘടന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് (എച്ച്ആര്‍ഡബ്ല്യൂ) പുറത്തുവിട്ടിരുന്നു. ഒരു റോഹിന്‍ഗ്യന്‍ ഗ്രാമത്തെ സൈന്യം പൂര്‍ണമായും നശിപ്പിക്കുന്നതായാണ് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നതെന്ന് എച്ച്ആര്‍ഡബ്ല്യു ഏഷ്യാ ഡെപ്യൂട്ടി ഡയറക്ടര്‍ ഫില്‍ റോബര്‍ട്ട്‌സണ്‍ പറഞ്ഞു. അഗ്നിബാധയുണ്ടായ ഒരു സ്ഥലത്തെ സ്ഥിതി മാത്രമാണിതെന്നും ഉത്തരത്തില്‍ 17 പ്രദേശങ്ങളില്‍ സൈന്യം കെട്ടിടങ്ങള്‍ ചുട്ടെരിക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണം തുടരുന്ന പ്രദേശങ്ങളില്‍ മാധ്യമങ്ങള്‍ക്കും മനുഷ്യാവകാശ, സന്നദ്ധസംഘടനകള്‍ക്കും അന്താരാഷ്ട്ര ഏജന്‍സികള്‍ക്കും മ്യാന്‍മര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.