
കൊച്ചി: ഓണത്തലേന്ന് സകല വിലനിയന്ത്രണങ്ങളും കാറ്റില്‍ പറത്തി അവശ്യസാധന വില കുതിച്ചുയര്‍ന്നു.
പഴം, പച്ചക്കറി എന്നിവക്ക് മുന്‍പൊന്നുമില്ലാത്ത വിലക്കയറ്റമാണ് അനുഭവപ്പെട്ടത്. പല ഇനം പച്ചക്കറികള്‍ക്കും വില 100 രൂപ കടന്നു.
പച്ചക്കറിവില നിയന്ത്രണത്തിനുള്ള സര്‍ക്കാര്‍ സംവിധാനമായ ഹോട്ടികോര്‍പ്പ് സ്റ്റാളുകള്‍ വേണ്ടത്ര ഫലപ്രദമല്ലാതായതോടെയാണ് വില കുതിച്ചുയര്‍ന്നത്. പച്ചപ്പയറിന് ഇന്നലെ എറണാകുളം മൊത്തവിപണിയില്‍ പോലും കിലോക്ക് 120 രൂപയായിരുന്നു വില. ചില്ലറ വിപണിയില്‍ ഇത് 130 കടന്നു. കാബേജ്, തക്കാളി തുടങ്ങിയ ഇനങ്ങള്‍ക്കും പൊള്ളുന്ന വിലയാണ് അനുഭവപ്പെട്ടത്. ഓണസദ്യയുടെ അവശ്യസാധനങ്ങളിലൊന്നായ ഞാലിപ്പൂവന് കിലോക്ക് 110 രൂപയായിരുന്നു വില. നേന്ത്രപ്പഴ വില പല സ്ഥലങ്ങളിലും തോന്നുംപടിയായിരുന്നു. ചില സ്ഥലങ്ങളില്‍ കിലോ 75 രൂപക്ക് വിറ്റപ്പോള്‍ മറ്റു പലയിടങ്ങളിലും 80 രൂപയാണ് ഈടാക്കിയത്. പച്ചക്കായക്ക് 90ന് മുകളിലാണ് മൊത്തവിപണിയില്‍ പോലും വില ഈടാക്കിയത്.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും വരള്‍ച്ചയാണ് വില വര്‍ധനയ്ക്ക് കാരണമായി വ്യാപാരികള്‍ പറഞ്ഞത്. നേന്ത്രക്കായുമായി മുന്‍വര്‍ഷങ്ങളില്‍ എത്തിയതിന്റെ പകുതി ലോഡ് മാത്രമാണത്രേ എറണാകുളം മാര്‍ക്കറ്റില്‍ ഇക്കുറി എത്തിയത്. സദ്യയില്‍ ഒഴിച്ചുകൂടാത്ത ഇനമായ പായസം തയാറാക്കുന്നതിനുള്ള പരിപ്പ്, ശര്‍ക്കര കശുവണ്ടിപ്പരിപ്പ് തുടങ്ങിയവക്കും വന്‍തോതില്‍ വില ഉയര്‍ന്നു.
ശര്‍ക്കര വില കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കിലോക്ക് 10 രൂപ വരെ വര്‍ധിച്ചു. പല കടകളിലും ഒരു കിലോ ശര്‍ക്കരയ്ക്ക് 75- 80 രൂപയാണ് ഈടാക്കിയത്. പഞ്ചസാര വിലയിലും മൂന്നു നാലു രൂപയുടെ വര്‍ധനവുണ്ടായി. വെളിച്ചെണ്ണ വില കിലോക്ക് 20 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞദിവസം വെളിച്ചെണ്ണയ്ക്ക് 140 രൂപ ഉണ്ടായിരുന്നത് ഓണത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ 160 രൂപയായി വര്‍ധിച്ചു. സദ്യ വിളമ്പുന്നതിനുള്ള തൂശനിലക്ക് സര്‍ക്കാര്‍ സ്റ്റാളുകളില്‍ പോലും ഒന്നിന് എട്ട് രൂപയാണ് ഈടാക്കിയത്. സദ്യയ്ക്കുവേണ്ട ഉപ്പേരി, ശര്‍ക്കര വരട്ടി തുടങ്ങിയവയ്ക്കും വന്‍ വിലക്കയറ്റം അനുഭവപ്പെട്ടു.
ഹോട്ടലുകളിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഓണസദ്യയ്ക്ക് റേറ്റ് കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. ഇടത്തരം ഹോട്ടലുകളില്‍ പോലും ഒരാളുടെ സദ്യക്ക് 250 രൂപ മുതലാണ് വില. ചില ഹോട്ടലുകളില്‍ ഇതിനുപുറമെ 18 ശതമാനം ജി.എസ.്ടി എന്ന പേരില്‍ 50 രൂപയോളം അധികവും ഈടാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് ഇരട്ടിയോളമാണ് ഹോട്ടലുകളില്‍ ഓണസദ്യക്ക് ഈടാക്കുന്നത്.