കോക്‌സ്ബസാര്‍: വടക്കുപടിഞ്ഞാറന്‍ മ്യാന്‍മറില്‍ റോഹിന്‍ഗ്യ ഭൂരിപക്ഷപ്രദേശങ്ങളില്‍ 2,600ലധികം വീടുകള്‍ സൈന്യം അഗ്നിക്കിരയായതായി കണക്കുകള്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് 58,600ലധികം റോഹിന്‍ഗ്യകള്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്കു പലായനം ചെയ്തതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി (യുഎന്‍എച്ച്‌സിആര്‍) അറിയിച്ചു.
അതേസമയം, റോഹിന്‍ഗ്യന്‍ സംഘടനയായ ആരക്കന്‍ റോഹിന്‍ഗ്യ സാല്‍വേഷന്‍ ആര്‍മി (എആര്‍എസ്എ)യാണ് കെട്ടിടങ്ങള്‍ക്കു തീവയ്ക്കുന്നതിനു പിറകിലെന്ന് മ്യാന്‍മര്‍ ഉദ്യോഗസ്ഥര്‍ ആരോപിച്ചു. എന്നാല്‍, മ്യാന്‍മര്‍ സൈന്യം മനപ്പൂര്‍വം വീടുകള്‍ തീവച്ചു നശിപ്പിക്കുകയായിരുന്നെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പ്രതികരിച്ചു. റോഹിന്‍ഗ്യന്‍ ഗ്രാമം സൈന്യം മുഴുവനായി ചുട്ടെരിക്കുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ ലഭിച്ചതായും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അറിയിച്ചു. വടക്കന്‍ റാഖൈന്‍ സംസ്ഥാനത്തു തുടരുന്ന നശീകരണത്തിന്റെ തോത് കണക്കാക്കുമ്പോള്‍ മുമ്പ് വിചാരിച്ചതിലും മോശമാണ് മേഖലയിലെ അവസ്ഥയെന്നു മനസ്സിലാക്കാന്‍ സാധിച്ചതായി സംഘടനയുടെ ഏഷ്യ ഡെപ്യൂട്ടി ഡയറക്ടര്‍ ഫില്‍ റോബര്‍ട്ട്‌സണ്‍ പറഞ്ഞു.
അതേസമയം, ബംഗ്ലാദേശ് അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാംപുകളില്‍ ഉള്‍ക്കൊള്ളാവുന്നതിലധികം റോഹിന്‍ഗ്യന്‍ വംശജര്‍ എത്തിച്ചേര്‍ന്നതായി യുഎന്‍എച്ച്‌സിആര്‍ പ്രാദേശികവക്താവ് വിവിയന്‍ താന്‍ അറിയിച്ചു. അവശ്യവസ്തുക്കളുമായി അതിര്‍ത്തിയിലെ നാഫ് നദി കടക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുകയാണ്. അഭയാര്‍ഥി പ്രവാഹം ഇനിയും വര്‍ധിക്കുമെന്നാണു കണക്കാക്കുന്നത്.
റോഹിന്‍ഗ്യകള്‍ക്ക് പൗരത്വം നിഷേധിക്കുന്ന നിലപാടാണ് മ്യാന്‍മര്‍ സര്‍ക്കാര്‍ തുടരുന്നത്. നൂറ്റാണ്ടുകളായി മ്യാന്‍മറില്‍ ജീവിക്കുന്ന റോഹിന്‍ഗ്യകള്‍ ബംഗ്ലാദേശില്‍നിന്നു കുടിയേറിയവരാണെന്നാരോപിച്ചാണ് സര്‍ക്കാരിന്റെ പൗരത്വനിഷേധം. 1990കള്‍ മുതല്‍ ഇതുവരെ വംശീയാതിക്രമങ്ങളെത്തുടര്‍ന്ന് നാലു ലക്ഷത്തിലധികം റോഹിന്‍ഗ്യകള്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്കു കുടിയേറിയിട്ടുണ്ട്. ബംഗ്ലാദേശിനു പുറമേ ഇന്ത്യയടക്കമുള്ള മറ്റ് അയല്‍രാജ്യങ്ങളിലേക്കും റോഹിന്‍ഗ്യകള്‍ ഇക്കാലയളവില്‍ പലായനം ചെയ്തു.