ഇന്ത്യന്‍ വാഹന വിപണിയില്‍ ഹ്യുണ്ടായ്ക്ക് മേല്‍വിലാസം നേടിക്കൊടുത്ത സാന്‍ട്രോ പുതിയ രൂപത്തിലും ഭാവത്തിലും രണ്ടാം വരവിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ ആകാശ കാറുകള്‍ക്ക് സമാനമായ രീതിയിലായിരിക്കും ഇതിന്‍റെ പുറംമോടിയുടെ രൂപകല്‍പന. വെര്‍ണയുടെ അഞ്ചാം പതിപ്പ് ഹ്യുണ്ടായ് പുറത്തിറക്കിയതിനു തൊട്ടുപിന്നാലെയാണ് സാന്‍ട്രോയുടെ കണ്‍സെപ്റ്റ് മോഡല്‍ ചിത്രങ്ങള്‍ ഓട്ടോ മാധ്യമങ്ങള്‍ പുറത്തുവിട്ടത്.

Image: For representation purpose only
അടുത്ത വര്‍ഷം പകുതിയോടെ പുതിയ ഹാച്ച്ബാക്ക് വിപണിക്ക് പരിചയപ്പെടുത്താന്‍ തയാറെടുക്കുകയാണെന്ന് ഹ്യുണ്ടായ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഹ്യുണ്ടായ് മനസില്‍ കാണുന്നത് സാന്‍ട്രോയുടെ തിരിച്ചുവരവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം പക്ഷേ ഹ്യുണ്ടായ് സ്ഥിരീകരിച്ചിട്ടില്ല. ഒരു കാലത്ത് ടാറ്റയ്ക്കും മാരുതിയ്ക്കും ഒപ്പം ഇന്ത്യന്‍ നിരത്തുകളില്‍ പതിവ് കാഴ്ചയായിരുന്നു ഹ്യുണ്ടായ് സാന്‍ട്രോ. മധ്യവര്‍ഗ ഇന്ത്യന്‍ കുടുംബ സങ്കല്‍പങ്ങള്‍ക്ക് യോജിച്ച സാന്‍ട്രോയെ ഇരു കൈയും നീട്ടിയാണ് ഉപഭോക്താക്കള്‍ സ്വീകരിച്ചത്. 1998 മുതല്‍ ഇടത്തരക്കാരുടെ ഇഷ്ട കാറായി വിപണിയില്‍ നിന്ന സാന്‍ട്രോയെ 2014 ലാണ് കമ്പനി പിന്‍വലിച്ചത്.
ഹ്യുണ്ടായ് വാഹന വിപണിക്ക് പരിചയപ്പെടുത്തിയതില്‍വച്ച് ഏറ്റവും വിജകരമായ മോഡല്‍ സാന്‍ട്രോ ആണെന്നിരിക്കെയാണ് അതേ പേരില്‍ ഒരു തിരിച്ചുവരവിന് കമ്പനി തയാറെടുക്കുന്നത്. ഇയോണ്‍, ഗ്രാന്‍ഡ് ഐ10 ശ്രേണിയില്‍ തന്നെയാകും സാന്‍ട്രോയുടെ പുതുമുഖം ഇടംപിടിക്കുക. 1.1 ലിറ്റര്‍ iRDE എന്‍ജിനായിരിക്കും പുതിയ സാന്‍ട്രോയുടെ കരുത്ത്. 62 എച്ച്പി കരുത്താകും ഇത് ഉദ്പാദിപ്പിക്കുക. 5 സ്‍പീഡ് മാനുവല്‍ ഗിയറിനൊപ്പം ഓട്ടോമാറ്റിക് വേരിയന്‍റും ഹ്യുണ്ടായ് ഇറക്കുമെന്നാണ് കരുതുന്നത്. രണ്ടു എയര്‍ബാഗുകളും എബിഎസും സുരക്ഷക്കുണ്ടാകും. പ്രീമിയം ലുക്കിനായി വലിയ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്‍റ് സംവിധാനവുമുണ്ടാകുമെന്നാണ് പ്രതീക്ഷ. ആഢംബരത്തനിമയോടെ എത്തുന്ന പുതിയ സാന്‍ട്രോയുടെ വില നാലു ലക്ഷത്തില്‍ തുടങ്ങുമെന്നും പ്രതീക്ഷിക്കുന്നു.