തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ വിപിന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ പ്രദേശത്ത് അക്രമമുണ്ടായാല്‍ വെടിവക്കാന്‍ ഉത്തരവ്. തൃശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത് കുമാറാണ് നിര്‍ദേശം നല്‍കിയത്. പ്രദേശത്ത് അക്രമമോ സംഘര്‍ഷമോ ഉണ്ടായാല്‍ വെടിവക്കാം. ജില്ലയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരും ആയുധം ധരിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്. കേസ് അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സംഘത്തിലുള്‍പ്പെടുത്തേണ്ടവരെ അദ്ദേഹം തീരുമാനിക്കുമെന്നും തൃശൂര്‍ റേഞ്ച് ഐജി പറഞ്ഞു. പ്രതികളെക്കുറിച്ച് സൂചനലഭിച്ചിട്ടുണ്ട്. എന്നാല്‍, അന്വേഷണഘട്ടമായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ല. ഫൈസലിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള പ്രതികാരമാണോ കൊലപാതകത്തിന് പിന്നിലെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നു രാവിലെ ഏഴേകാലോടെയാണ് വിപിനെ വെട്ടേറ്റ നിലയില്‍ റോഡരികില്‍ കാണപ്പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. പോലിസ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്.
ഇസ് ലാം മതം സ്വീകരിച്ച ഫൈസലിനെ വധിച്ച കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയതായിരുന്നു വിപിന്‍.
വിപിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആര്‍.എസ്.എസ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി എട്ടുമണിവരെ തിരൂരില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിന്നു.