ധാക്ക: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ ബംഗ്ലാദേശിനു മേല്‍ക്കൈ. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ ഷക്കീബ് അല്‍ ഹസന്റെ മികവാണ് ബംഗ്ലാദേശിനു കരുത്തായത്. ആദ്യ ഇന്നിംഗ്സില്‍ 260 റണ്‍സിനു പുറത്തായ ബംഗ്ലാദേശ്, ഓസ്ട്രേലിയയെ 217 റണ്‍സിനു പുറത്താക്കി. 43 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ബംഗ്ലാദേശ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 എന്ന നിലയിലാണ്. 88 റണ്‍സിന്റെ ഓവറോള്‍ ലീഡാണ് ബംഗ്ലാദേശിനുള്ളത്. 30 റണ്‍സോടെ തമിം ഇകാബാലും റണ്ണൊന്നുമെടുക്കാതെ നൈറ്റ് വാച്ച്മാന് തായ്ജുള്‍ ഇസ്്ലാമുമാണ് ക്രീസില്‍. 15 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരാണു പുറത്തായത്.
നേരത്തെ 68 റണ്‍സ് നല്കി അഞ്ചു വിക്കറ്റെടുത്ത ഷക്കീബ് അല്‍ഹസനാണ് ഓസീസിനെ തകര്‍ത്തത്. ആദ്യ ഇന്നിംഗ്സില്‍ ഷക്കീബ് 84 റണ്‍സ് നേടി ടോപ് സ്കോററായിരുന്നു.
45 റണ്‍സെടുത്ത മാറ്റ് റെന്‍ഷോയാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. ഒമ്പതാം വിക്കറ്റില്‍ ആഷ്ടണ്‍ ആഗറും (41) പാറ്റ് കമ്മിന്‍സും (25) ചേര്‍ന്നു നേടിയ 49 റണ്‍സ് കൂട്ടുകെട്ടാണ് ഓസീസിനെ 200 കടത്തിയത്. ഒരു ഘട്ടത്തില്‍ എട്ടിന് 144 എന്ന നിലയില്‍ ഓസീസ് തകര്‍ന്നിരുന്നു. ബംഗ്ലാദേശിനു വേണ്ടി മെഹ്ദി ഹസന് മൂന്നു വിക്കറ്റ് സ്വന്തമാക്കി.