മിന: ഒരേ വേഷവും മനസും ലക്ഷ്യവുമായി പാല്‍ക്കടല്‍ കണക്കെ പരന്നൊഴുകിയ ഹാജിമാര്‍ മിനയെ ധന്യമാക്കി അറഫയിലേക്ക് നീങ്ങിത്തുടങ്ങി. അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി അഷ്ടദിക്കുകളില്‍ നിന്നെത്തിയ ഹാജിമാര്‍ ഇന്ന് അറഫയില്‍ സംഗമിക്കും.
ലോകത്തിലെ ഏറ്റവും വലിയ ജനസംഗമമാണ് ഹജ്ജിന്റെ സുപ്രധാനകര്‍മം കൂടിയായ അറഫാസംഗമത്തിലുണ്ടാകുക. ഇന്നലെ മിനയില്‍ ധന്യമാക്കിയ ഹാജിമാര്‍ രാത്രി നിസ്‌കാരശേഷം 15 കിലോമീറ്റര്‍ അകലെയുള്ള അറഫാ മലയെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി.
ലോകത്തിലെ ഏറ്റവും വലിയ ജനസംഗമമാണ് ഹജ്ജിന്റെ സുപ്രധാനകര്‍മം കൂടിയായ അറഫാസംഗമത്തിലുണ്ടാകുക. ഇന്നലെ മിനയില്‍ ധന്യമാക്കിയ ഹാജിമാര്‍ രാത്രി നിസ്‌കാരശേഷം 15 കിലോമീറ്റര്‍ അകലെയുള്ള അറഫാ മലയെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി.
ഇന്ന് മധ്യാഹ്‌ന നിസ്‌കാരത്തിന് മുന്നോടിയായി മുഴുവന്‍ ഹാജിമാരും അറഫയില്‍ സംഗമിക്കും. ഇന്നലെ പുലര്‍ച്ചെയോടെയാണ് മലയാളികളടക്കമുള്ള ഹാജിമാര്‍ മിനയിലെ തമ്പിലെത്തിയത്. പ്രഭാതനിസ്‌കാരത്തിനു ശേഷം ഒരു ദിവസം മുഴുവന്‍ പ്രാര്‍ഥനയും ആരാധനയുമായി കഴിച്ചുകൂട്ടാനും വിശ്രമിക്കാനും ഹാജിമാര്‍ക്ക് അവസരം ലഭിച്ചു. അര്‍ധരാത്രി തന്നെ മശാഇര്‍ ട്രെയിനുകളിലും ബസുകളിലും കാല്‍നടയായും തീര്‍ഥാടകര്‍ അറഫയിലേക്ക് പുറപ്പെട്ടു. ഇന്ന് സുബ്ഹി നിസ്‌കാരത്തിന് അറഫയില്‍ എത്തും വിധമാണ് മലയാളികളുടെ യാത്ര ക്രമീകരിച്ചത്. നേരത്തേയെത്തിയ സംഘങ്ങള്‍ അറഫയിലെ മസ്ജിദ് നമിറയിലും കാരുണ്യത്തിന്റെ പര്‍വതമെന്നു വിശേഷിപ്പിക്കുന്ന ജബലു റഹ്മയിലും ഇടംപിടിച്ചു.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ വിടവാങ്ങല്‍ പ്രസംഗം നടന്ന ജബലു റഹ്മയില്‍ ഇരിപ്പിടം കണ്ടെണ്ടത്താനുള്ള തിടുക്കത്തിലായിരുന്നു വിശ്വാസികള്‍. ഇന്ന് ളുഹ്ര്‍ നിസ്‌കാരത്തിനു ശേഷം അറഫയിലെ നമിറാ പള്ളിയില്‍ ഖുതുബ നടക്കും. രോഗികളെ ഹെലികോപ്ടറിലും ആംബുലന്‍സിലും എത്തിക്കാനാണു ശ്രമം. സൂര്യാസ്തമയം വരെ അറഫാ മൈതാനത്തും ടെന്റുകളിലും ജബലു റഹ്മ മലഞ്ചെരിവിലുമായാണ് തീര്‍ഥാടകര്‍ കഴിച്ചുകൂട്ടുക.
ഇന്ന് സൂര്യാസ്തമനത്തോടെ ഹാജിമാര്‍ ഇവിടെ നിന്നു മുസ്ദലിഫയിലേക്ക് നീങ്ങിത്തുടങ്ങും. അവിടെ നിന്നാണ് പിശാചിന്റെ സ്തൂപത്തിനെതിരേ നടക്കുന്ന കല്ലേറിനുള്ള കല്ലുകള്‍ ശേഖരിക്കുക. ഇന്ന് രാത്രി മുസ്ദലിഫയില്‍ വിശ്രമിച്ച ശേഷം നാളെ രാവിലെ ജംറയില്‍ കല്ലെറിയുന്നതിനു മിനായിലേക്ക് തിരിക്കും. മിനായില്‍ തിരിച്ചെത്തുന്ന ഹാജിമാര്‍ ആദ്യദിവസത്തെ ജംറത്തുല്‍ അഖ്ബയിലെ കല്ലേറ് കര്‍മത്തിലും പിന്നീട് നടക്കുന്ന ബലികര്‍മങ്ങളിലും പങ്കുകൊള്ളും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കല്ലേറ് കര്‍മങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഹജ്ജിന്റെ ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും.