വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Tuesday, 29 August 2017

നിലവിലെ ദുരന്തത്തിന് ഉത്തരവാദി സര്‍ക്കാര്‍ : രമേശ് ചെന്നിത്തല

തിരുവനന്തപുരം: സുപ്രിംകോടതി വിധിയോടെ ഇത്തവണത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സംഭവിച്ചത് വന്‍ ദുരന്തമാണെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദി സര്‍ക്കാരാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ചു ലക്ഷം രൂപയായിരിക്കും ഫീസെന്ന ധാരണയില്‍ അഡ്മിഷന്‍ എടുത്ത കുട്ടികള്‍ ഇനി എന്തു ചെയ്യണമെന്ന ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറയണം. ഈ ദുരന്തം സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതാണ്. ഹൈക്കോടതിയുടെ അനുകൂല വിധി ഉണ്ടായിട്ടും കൃത്യസമയത്ത് പ്രവേശനം നടത്താതെ ചര്‍ച്ചയുടെ പേരില്‍ ഒത്തുകളി നടത്തിയ സര്‍ക്കാര്‍ മാനേജ്മന്റുകള്‍ക്ക് കോടതിയില്‍ പോകാന്‍ യഥേഷ്ടം സമയം സമ്മാനിക്കുകയായിരുന്നു. ജൂലൈ 17നാണ് അഞ്ചു ലക്ഷം രൂപ ഫീസില്‍ പ്രവേശനം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. വീണ്ടും ഒരുമാസം കഴിഞ്ഞാണ് സര്‍ക്കാര്‍ സ്വാശ്രയ കോളജുകളില്‍ പ്രവേശന നടപടികള്‍ തുടങ്ങിയത്. അതിനിടയില്‍ കോളജുകള്‍ കോടതിയെ സമീപിച്ചു. സുപ്രിംകോടതിയിലാകട്ടെ സംസ്ഥാനത്തെ യഥാര്‍ഥ വസ്തുതകള്‍ നിരത്തി കേസ് നടത്തുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. അവിടെയും ഒത്തുകളിയാണ് നടന്നത്. കഴിഞ്ഞ വര്‍ഷം 10 ലക്ഷം രൂപ ഫീസ് പ്രത്യേക പരിതഃസ്ഥിതിയില്‍ രണ്ടു കോളജുകള്‍ക്കു മാത്രമായി കോടതി അനുവദിച്ചതാണ്. മറ്റ് കോളജുകളില്‍ നാലു തരം ഫീസാണ് നിലനിന്നിരുന്നത്. ഈ വസ്തുത കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനു കഴിയാതെപോയി. ഉത്തരവുകള്‍ മാറ്റിമാറ്റിയിറക്കി തുടക്കം മുതല്‍ പൂര്‍ണമായ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത അന്യായ ഫീസില്‍ അധ്യയനം നടത്തിയാല്‍ അത് സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അമിത ഫീസ് കാരണം 90 പിജി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന കാര്യം മറക്കരുതെന്നും ചെന്നിത്തല പറഞ്ഞു. അഞ്ചു ലക്ഷം രൂപയ്ക്ക് പഠിപ്പിക്കാന്‍ അവസരം കിട്ടിയിട്ടും അതു പാഴാക്കി ഫീസ് 11 ലക്ഷം രൂപയാക്കേണ്ടിവന്നത് കേരളം കണ്ട ഏറ്റവും നിഷ്ഠുരമായ വിദ്യാര്‍ഥി വഞ്ചനയാണെന്നു കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ ഭാവി ഇരുട്ടിലാക്കിയതിനു സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയേണ്ടിവരും. വിധിക്കെതിരേ  നിയമ നടപടി സ്വീകരിക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.