കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് നൽകിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്നു വിധി പറയും. സംഭവത്തിന്റെ ഗൂഢാലോചനയിൽ ദിലീപിന് പങ്കുണ്ടെന്നാരോപിച്ച് പോലീസ് രജിസ്റ്റർ ചെയ്തത് കള്ളക്കേസാണെന്നും ദിലീപിനെ കുടുക്കാൻ ചിലർ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ആരോപിച്ചിരുന്നു.
ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്നും തൊണ്ടിമുതലായ മൊബൈൽ ഫോണ് കണ്ടെടുത്തില്ലെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് നേരത്തെ ജാമ്യഹർജി തള്ളിയിരുന്നത്. എന്നാൽ സാഹചര്യം മാറിയെന്നും അപ്പുണ്ണിയെ ചോദ്യം ചെയ്തെന്നും ഫോണ് നശിപ്പിച്ചതിന് രണ്ട് അഭിഭാഷകർക്കെതിരേ കേസെടുത്തെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് വീണ്ടും ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
എന്നാൽ ദിലീപിനെതിരേ കൂടുതൽ തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇതുമായി ബന്ധപ്പെട്ട രേഖകൾ മുദ്രവച്ച കവറിൽ സമർപ്പിച്ചു. ദിലീപ് കിംഗ് ലയറാണെന്നും (പെരും നുണയൻ) ഭാര്യ കാവ്യയുടെ ഡ്രൈവറായിരുന്ന പൾസർ സുനിയെ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത് ദിലീപിന്റെ ബുദ്ധിയാണെന്നും പ്രോസിക്യൂഷനു വേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വാദിച്ചിരുന്നു.