ടോക്കിയോ: ലോകത്തെ യുദ്ധഭീതിയിലാഴ്ത്തി ഉത്തരകൊറിയ വിക്ഷേപിച്ച മധ്യദൂര ബാലി സ്റ്റിക് മിസൈൽ ജപ്പാനു മുകളിലൂടെ പറന്നു. തലസ്ഥാനമായ പ്യോഗ്യാംഗിലെ അന്തർദേശീയ വിമാനത്താവളത്തിനു സമീപം സുനാനിൽനിന്നു തൊടുത്ത മിസൈൽ 550 കിലോമീറ്റർ ഉയരത്തിൽ 2700 കിലോമീറ്റർ സഞ്ചരിച്ച് പസഫിക് സമുദ്രത്തിൽ പതിച്ചു.
ജപ്പാനിലെ ഹൊക്കെയ്ഡോ ദ്വീപിനു മുകളിലൂടെ പറന്ന മിസൈൽ മൂന്നായി പൊട്ടിച്ചിതറി ജപ്പാൻ തീരത്തുനിന്ന് 1180 കിലോമീറ്റർ അകലെ സമുദ്രത്തിൽ പതിക്കുകയായിരുന്നു. സൈറണുകൾ മുഴക്കി ജപ്പാൻ തങ്ങളുടെ ജനങ്ങൾക്കു ജാഗ്രതാ നിർദ്ദേശം നല്കി. ഉത്തരകൊറിയയ്ക്ക് എതിരേ സാധ്യ മായ എല്ലാ നടപടികളും പരിഗണിക്കുമെന്നു പ്രസിഡന്റ് ട്രംപ് പ്രതികരിച്ചു.കൊറിയൻ മേഖല സംഘർഷഭരിതമാകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ലോകവ്യാപകമായി ഓഹരിവിപണികളിൽ ഇടിവുണ്ടായി. അതേസമയം സ്വർണത്തിന്റെ വില വർധിച്ചു.
ഇതിനു മുന്പ് ഇത്രയും വലിയൊരു ഭീഷണി ഉത്തരകൊറിയ തങ്ങൾക്കുനേരേ ഉയർത്തിയിട്ടില്ലെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ പറഞ്ഞു. ആബെയും ട്രംപും 40 മിനിട്ടു ഫോണിൽ സംസാരിച്ചു. ഇരുവരുടെയും അഭ്യർഥനപ്രകാരം വിഷയം ചർച്ച ചെയ്യാൻ യുഎൻ രക്ഷാ സമിതി അടിയന്തര യോഗം ചേരും.
ഉത്തരകൊറിയൻ മിസൈലിനെ വെടിവച്ചിടാൻ ജപ്പാൻ ശ്രമിച്ചില്ലെന്നതു ശ്രദ്ധേയമാണ്. ഉത്തരകൊറിയയുടെ മിസൈലോ റോക്കറ്റോ തങ്ങൾക്കു ഭീഷണി ഉയർത്തിയാൽ വെടിവച്ചിടുമെന്ന് ജപ്പാൻ മുന്പു പറഞ്ഞിട്ടുള്ളതാണ്. ഇന്നലത്തെ മിസൈൽ ജപ്പാനു ഭീഷണിയല്ലായിരുന്നുവെന്ന് പ്രതിരോധ മന്ത്രി ഇസുനോരി ഒനോഡേര പറഞ്ഞു.
അതേസമയം മിസൈലിന്റെ പാതയിലുള്ള ജനങ്ങൾക്കു മുഴുവൻ മിനിട്ടുകൾക്കകം ജപ്പാൻ സർക്കാർ മുന്നറിയിപ്പു നല്കി. രാവിലെ 5.58നാണ് മിസൈൽ അയച്ചത്. നാലുമിനിറ്റിനകം ജപ്പാനിലെ ജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് ടെക്സ്റ്റ് മെസേജായി ലഭിച്ചു. ടിവിയിലും മുന്നറിയിപ്പു സംപ്രേഷണം ചെയ്തു. നിലവറകളിലോ ഉറപ്പുള്ള കെട്ടിടങ്ങളിലോ അഭയം തേടാനായിരുന്നു നിർദേശം. ട്രെയിൻ അടക്കം ഗതാഗത സർവീസുകൾ വൈകി.
അമേരിക്കവരെ ചെന്നെത്താൻ ശേഷിയുള്ള രണ്ടു ഭൂഖണ്ഡാന്തര മിസൈലുകൾ കഴിഞ്ഞമാസം ഉത്തരകൊറിയ പരീക്ഷിച്ചത് യുദ്ധഭീഷണി ഉയർത്തിയിരുന്നു. ഉത്തരകൊറിയയെ ചുട്ടുകരിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയപ്പോൾ പസഫിക്കിലെ യുഎസ് സൈനികതാവളമായ ഗ്വാം ദ്വീപിലേക്കു മിസൈൽ വിടുമെന്ന് ഉത്തരകൊറിയ മറുപടി നല്കി. ഇതിനുശേഷം മൂന്നു ഹ്രസ്വദൂര മിസൈലുകൾ ഉത്തരകൊറിയ പരീക്ഷിച്ചു. ട്രംപിന്റെ ഭീഷണി തങ്ങളെ ബാധിക്കില്ലെന്ന കൃത്യമായ സന്ദേശമാണ് ജപ്പാനു മുകളിലൂടെ മിസൈൽ വിട്ട് ഉത്തരകൊറിയ നല്കുന്നത്. ഉത്തരകൊറിയ അമേരിക്കയെ മാനിക്കാൻ തുടങ്ങിയെന്ന് ട്രംപ് പറഞ്ഞത് അടുത്തിടെയാണ്.