ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ ജയിലിലായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും. നിലവില്‍ സംഘര്‍ഷം നടക്കുന്നതിനാല്‍ ഗുര്‍മീതിനെ കോടതിയില്‍ ഹാജരാക്കില്ല. പകരം ഹരിയാനയിലെ റോത്തക്കില്‍ സുനരിയ ജയിലില്‍ ശിക്ഷ പ്രഖ്യാപിക്കും. പ്രത്യേക സിബിഐ കോടതി ജഡ്ജിയാണ് ശിക്ഷ വിധിക്കുന്നത്.
കഴിഞ്ഞ ദിവസം ഗുര്‍മീത് കുറ്റക്കാരനാണെന്ന് വിധിച്ച കോടതി നടപടിയെ തുടര്‍ന്ന് അഞ്ചു സംസ്ഥാനങ്ങളില്‍ സംഘര്‍ഷം ഉലെടുത്തിരുന്നു. ഇതില്‍ 37 പേര്‍ മരിച്ചിരുന്നു. എന്നാല്‍ ഇന്ന് ശിക്ഷ വിധിക്കുന്നതോടെ അഞ്ചു സംസ്ഥാനങ്ങളിലെ സംഘര്‍ഷം വ്യാപിക്കുമോയെന്ന ആശങ്കയിലാണ് രാജ്യം. കലാപം വ്യാപിക്കുമെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. സംസ്ഥാനങ്ങളിലെ കലാപം തലസ്ഥാനത്തേക്കെത്തുന്നത് തടയാനുള്ള മുന്നൊരുക്കങ്ങളും നടത്തുന്നുണ്ട്. ഡല്‍ഹി അതിര്‍ത്ഥിയില്‍ വാഹനപരിശോധന കര്‍ശനമാക്കി. റോത്തക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വഴിയിലുടനീളം സുരക്ഷാ സേനകള്‍ വഴിയുറപ്പിച്ചിട്ടുണ്ട്. റോത്തക്കിലെത്തുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുണ്ട്. മതിയായ കാരണങ്ങളില്ലാത്തവരെ കസ്റ്റഡിയിലെടുക്കും. കൂടാതെ പ്രദേശത്തെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി-റോത്തക്-ഭട്ടിന്‍ഡ വഴിയുള്ള ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചു. ഹരിയാനയിലും പഞ്ചാബിലും മൊബൈല്‍, ഇന്റര്‍നെറ്റ് സേവനം നാളെ രാവിലെ 11.30വരെ റദ്ദാക്കി.
റോത്തക് ജയില്‍ പരിസരം അര്‍ദ്ധസൈനികര്‍ വളഞ്ഞിരിക്കുകയാണ്. സൈനികരും അര്‍ദ്ധ സൈനികരും പോലീസും ഉള്‍പ്പെട്ട സംഘമാണ് സുരക്ഷയൊരുക്കുന്നത്. വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ ദേരാ സച്ചാ സൗദ ആസ്ഥാനത്തെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. ആയിരം ഏക്കറോളം സ്ഥലത്താണ് ആശ്രമം സ്ഥിതിചെയ്യുന്നത്. ആശ്രമത്തിനകത്തേക്ക് സൈന്യത്തിന് പ്രവേശനമുണ്ടായിരിക്കില്ല. ജയില്‍ സ്ഥിതി ചെയ്യുന്ന റോത്തക്കിലേക്ക് അനുയായികളേയും പ്രവേശിപ്പിക്കില്ല. ഇവിടെ 287 കമ്പനി അര്‍ദ്ധസൈനിക വിഭാഗത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
കോടതി വിധി ഗുര്‍മീതിന് അനുകൂലമല്ലെങ്കില്‍ സംഘര്‍ഷമുണ്ടാകുമെന്നുള്ള മുന്നറിയിപ്പ് നല്‍കിയിട്ടും വേണ്ടത്ര രീതിയിലുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തയ്യാറാകാത്തതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് വിധി വന്നാല്‍ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍.