ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വെറ്ററന്‍ സൂപ്പര്‍ സ്റ്റാര്‍ സ്ലദാന്‍ ഇബ്രാഹിമോവിച്ച് ക്ലബ്ബ് സ്‌ക്വാഡിലേക്ക് തിരിച്ചെത്തി. ഒരു വര്‍ഷം കൂടി ക്ലബ്ബില്‍ തുടരുമെന്ന് കരാര്‍ പുതുക്കിയാണ് സ്വീഡിഷ് സൂപ്പര്‍ താരം യുനൈറ്റഡ് ജഴ്‌സിയിലേക്ക് മടങ്ങിയത്. കഴിഞ്ഞ സീസണിന്റെ അവസാനത്തില്‍ മുട്ടിനു പരിക്കേറ്റ താരത്തിന്റെ ഫിറ്റ്‌നസ് സംശയത്തിലായതിനാല്‍ ഭാവി ആശങ്കയിലായിരുന്നു. താരം ഇനി മാഞ്ചസ്റ്റര്‍ നിരയിലേക്ക് മടങ്ങിയെത്തില്ല എന്നു വരെ റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ഇബ്രാഹിമോവിച്ചിനു വേണ്ടി പലരും വലവീശിയിരിക്കെയാണ് പരിക്ക് ഭേദമായി താരം തിരിച്ചെത്തുന്നത്. തന്റെ സ്ഥിരം ജഴ്‌സി നമ്പറായ 9ാം നമ്പറില്‍ ലുകാകു യുനൈറ്റഡ് നിരയിലെത്തിയതിനാല്‍ 10ാം നമ്പര്‍ ജഴ്‌സിയിലാണ് താരം കളത്തിലെത്തുക. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വേണ്ടി 46 മല്‍സരങ്ങളില്‍ ബൂട്ടു കെട്ടിയ സ്ലദാന്‍ 26 ഗോളുകള്‍ ക്ലബ്ബിനായി നേടിയിരുന്നു.