
റിയാദ്: അല്ലാഹുവിന്റെ അതിഥികളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടക ലക്ഷങ്ങളുടെ സംഗമത്തിനു സാക്ഷിയാവാന്‍ പരിശുദ്ധ പുണ്യനഗരിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ത്യയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നായി 15,84,269 തീര്‍ത്ഥാടകര്‍ മക്കയിലും മദീനയിലും എത്തിച്ചേര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിദേശ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ 33 ശതമാനം(3,89,289) വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വ്യോമമാര്‍ഗം 14,83,522പേരും കരമാര്‍ഗം 87,149 പേരും പുണ്യനഗരികളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ സമുദ്രമാര്‍ഗം 14,598 പേര്‍ എത്തി. കേരളത്തില്‍ നിന്നു സ്വകാര്യ ഹജ്ജ്് ഗ്രൂപ്പ് വഴി എത്തിയ തീര്‍ത്ഥാടകര്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലേക്കു തിരിച്ചു. കേരളത്തില്‍ നിന്നുള്ള അവസാന സംഘം ഹാജിമാര്‍ ഇന്നലെ ജിദ്ദ വിമാനത്താവളത്തിലിറങ്ങി. വ്യാഴാഴ്ചയാണ് ഹജ്ജ് കര്‍മത്തിലെ സുപ്രധാനമായ അറഫാ സംഗമം. എന്നാല്‍ ബുധനാഴ്ച എല്ലാ തീര്‍ത്ഥാടകരും ഒരുമിച്ച് അറഫയിലേക്കു പോവുന്നത് തിരക്കിനു കാരണമാവും എന്നതിനാല്‍ തീര്‍ത്ഥാടകര്‍ നാളെ രാത്രിയോടെ മിനായിലേക്കു പുറപ്പെടും. ഇതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളുടെ ഹജ്ജ് മിഷന്‍ ഓഫിസുകള്‍ അടുത്ത ദിവസം മുതല്‍ മിനായില്‍ സജീവമാവും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അതിഥിയായി വിവിധ രാജ്യങ്ങളില്‍ നിന്ന് 1,279 തീര്‍ത്ഥാടകര്‍ കഴിഞ്ഞദിവസം മക്കയില്‍ എത്തിച്ചേര്‍ന്നു. ഈ വര്‍ഷം മദീനയില്‍ 8,45,878 വിദേശ തീര്‍ത്ഥാടകര്‍ എത്തിച്ചേര്‍ന്നതായി മദീന ദേശീയ ഫൗണ്ടേഷന്‍ അറിയിച്ചു. തീര്‍ത്ഥാടകരുടെ സുരക്ഷയും സൗകര്യവും മുന്‍നിര്‍ത്തി സൗദി ഭരണകൂടം വന്‍ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വനിതാ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സഹായവും മാര്‍ഗനിര്‍ദേശവും നല്‍കുന്നതിന് 1,200 വനിതകളെ മസ്ജിദുല്‍ ഹറാമില്‍ നിയമിച്ചു. തീപ്പിടിത്തവും മറ്റ് അത്യാഹിതങ്ങളും തടയുന്നതിനായി അറഫയില്‍ സൗദി സിവില്‍ ഡിഫന്‍സിന്റെ നിരവധി സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.മസ്ജിദുല്‍ ഹറം പബ്ലിക്കേഷന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ തീര്‍ത്ഥാടകര്‍ക്കുള്ള മാര്‍ഗനിര്‍ദേശം അടങ്ങിയ വിവിധ ഭാഷകളിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്യുന്നുണ്ട്. 15 ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട 36 അംഗ മോട്ടോര്‍ സൈക്കിള്‍ സംഘത്തെ സൗദി റെഡ്ക്രസന്റിന്റെ ആഭിമുഖ്യത്തില്‍ മസ്ജിദുല്‍ ഹറാമിലും പരിസരത്തും നിയമിച്ചിട്ടുണ്ട്.