ലഖ്‌നൗ: സംസ്ഥാനത്തെ എല്ലാ മദ്‌റസകളിലും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശീയഗാനം ആലപിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കണമെന്നുമുള്ള സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച മദ്‌റകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ദേശീയ സുരക്ഷാ നിയമപ്രകാരമാവും ഇവര്‍ക്കെതിരെ നടപടിയെടുക്കുകയെന്ന് ബറീലി ഡിവിഷണല്‍ കമ്മീഷണര്‍ പിവി ജഗന്‍മോഹന്‍ പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുകയും ദേശീയ ഗാനം പാടുകയും വേണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഏതെങ്കിലും മദ്‌റസകള്‍ ലംഘിച്ചതായി പരാതി കിട്ടിയാല്‍ നടപടിയെടുക്കും. ദേശീയ സുരക്ഷാ നിയമപ്രകാരമാവും ഇവര്‍ക്കെതിരെ നടപടിയെടുക്കുക. വിചാരണയും ജാമ്യവും ഇല്ലാതെ ഒരു വ്യക്തിയെ കസ്റ്റഡിയില്‍ ഇടാന്‍ ഈ നിയമത്തിന് കഴിയും. ദേശീയഗാനം ആലപിക്കാത്ത മദ്‌റസകളുടെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ ന്യൂനപക്ഷ വെല്‍ഫെയര്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ട്. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും പരാതികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.