വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 21 August 2017

യുഎസ് നീക്കത്തിനെതിരേ ഉത്തര കൊറിയ



പ്യോങ്‌യാങ്: യുഎസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തെ വിമര്‍ശിച്ച് ഉത്തര കൊറിയ. ദക്ഷിണ കൊറിയക്കൊപ്പമുള്ള വാര്‍ഷിക സൈനികാഭ്യാസവുമായി മുന്നോട്ടുപോവുന്നതിനുള്ള നീക്കം എരിതീയില്‍ ഇന്ധനമൊഴിക്കുന്നതിനു സമാനമാണെന്നും ഇതില്‍ ഖേദിക്കേണ്ടിവരുമെന്നും ഉത്തര കൊറിയ യുഎസിനു മുന്നറിയിപ്പു നല്‍കി. ആണവയുദ്ധത്തിന്റെ നിയന്ത്രണാതീതമായ ഘട്ടത്തിലേക്കാവും യുഎസിന്റെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി ചെന്നെത്തുകയെന്നും ഉത്തര കൊറിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമം റൊദോങ് സിന്‍മം പ്രസിദ്ധീകരിച്ച സന്ദേശത്തില്‍ പറയുന്നു. യുഎസിന്റെ ഏതുഭാഗവും ഏതുസമയത്തും ആക്രമിക്കാന്‍ ഉത്തര കൊറിയക്ക് സാധിക്കും. പസഫിക്കിലെ ഗുവാം ദ്വീപിനെയോ ഹവായിയെയോ മാത്രമല്ല; യുഎസിന്റെ പ്രധാന കരഭാഗങ്ങളിലെ പ്രദേശങ്ങളെത്തന്നെ ചാരമാക്കാന്‍ കഴിയുന്നവയാവും തങ്ങളുടെ ദയാരഹിത ആക്രമണങ്ങളെന്നും സംയുക്ത സൈനികാഭ്യാസത്തിന് ഒരുദിവസം മുമ്പ് ഉത്തരകൊറിയ പുറത്തുവിട്ട പ്രസ്താവനയില്‍ അവകാശപ്പെടുന്നു. ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെത്തുടര്‍ന്നാണ് രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമായത്. യുഎസ് ദ്വീപായ ഗുവാമിനു നേര്‍ക്കുള്ള മിസൈല്‍ ആക്രമണപദ്ധതിക്ക് ഉത്തര കൊറിയ കഴിഞ്ഞവാരം അന്തിമരൂപം നല്‍കിയതായി നേരത്തേ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മിസൈല്‍ വിക്ഷേപണ ഉത്തരവിറക്കുന്നതിനു മുമ്പായി യുഎസിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനാണ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ തീരുമാനമെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്നാരംഭിക്കുന്ന പത്തുദിവസം നീളുന്ന ഉള്‍ചി ഫ്രീഡം ഗാര്‍ഡിയന്‍ സൈനികാഭ്യാസവുമായി മുന്നോട്ടുപോവാനാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം. 17,500ഓളം യുഎസ് സേനാംഗങ്ങളാണ് ഇത്തവണത്തെ സൈനികാഭ്യാസങ്ങളില്‍ പങ്കെടുക്കുന്നത്. യുഎസുമായുള്ള സൈനികാഭ്യാസത്തിനെതിരേ ദക്ഷിണകൊറിയയില്‍ യുദ്ധവിരുദ്ധ പ്രക്ഷോഭം നടന്നിരുന്നു. പ്രക്ഷോഭത്തില്‍ പങ്കെടുത്ത നാലുപേര്‍ അറസ്റ്റിലായതായി ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.