വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Tuesday, 15 August 2017

മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ തൂത്തുവാരി



കാന്‍ഡി: സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് ഇത് ഇരട്ടിമധുരം. ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന കോടിക്കണക്കിന് നാട്ടുകാര്‍ക്ക് സ്വാതന്ത്ര്യദിനത്തിനൊപ്പം ഓര്‍ത്തുവയ്ക്കാന്‍ ഉജ്ജ്വല ജയമാണ് വിരാട് കോഹ്‌ലിയും സംഘവും സമ്മാനിച്ചത്. അയല്‍ രാജ്യമായ ശ്രീലങ്കയെ അവരുടെ മണ്ണില്‍ പരാജയപ്പെടുത്തി മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ തൂത്തുവാരി. പല്ലെക്കലെയില്‍ നടന്ന മൂന്നാംടെസ്റ്റില്‍ മൂന്നാം ദിവസം ലങ്കന്‍ നിരയെ എറിഞ്ഞു വീഴ്ത്തിയ ഇന്ത്യന്‍ പട, ഇന്നിങ്‌സിനും 171 റണ്‍സിനുമാണ് ജയം പിടിച്ചടക്കിയത്. ഇന്ത്യയുടെ വ്യക്തമായ ആധിപത്യം കണ്ട പരമ്പരയില്‍ ശ്രീലങ്ക നാമാവശേഷമാവുകയായിരുന്നു. അവസാന രണ്ട് ടെസ്റ്റുകളില്‍ ആതിഥേയര്‍ ഇന്നിങ്‌സ് തോല്‍വി സമ്മതിച്ചപ്പോള്‍, വിദേശ മണ്ണില്‍ ഇന്ത്യ നേടുന്ന ഏറ്റവും വലിയ ജയവുമായി കോഹ്‌ലിപ്പട സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സൂപ്പര്‍ ക്യാപ്റ്റന്‍മാരായ കപില്‍ ദേവിനും സൗരവ് ഗാംഗുലിക്കും എം എസ് ധോണിക്കുമൊന്നും സാധ്യമാകാത്ത നേട്ടമാണ് വിരാട് കോഹ്‌ലി സമ്മാനിച്ചത്.
സബാഷ്, ടീം ഇന്ത്യ…
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ സമ്മാനിച്ച 487 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക്, ആദ്യ ഇന്നിങ്‌സില്‍ 135 റണ്‍സിനു പുറത്തായപ്പോള്‍ രണ്ടാം ഇന്നിങ്‌സിലും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല. മികച്ച ഫോമിലുള്ള ഇന്ത്യയുടെ ബൗളിങ് പടയ്ക്ക മുന്നില്‍ പകച്ചുപോയ സിംഹളര്‍ രണ്ടാം ഇന്നിങ്‌സില്‍ 181 റണ്‍സിന് പുറത്താവാനായിരുന്നു ആതിഥേയരുടെ വിധി. സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍, ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി എന്നിവരാണ് അവസാന ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യയെ ജയതീരത്തെത്തിച്ചത്. ഫോളോഓണ്‍ പിന്തുടര്‍ന്ന ശ്രീലങ്ക, മൂന്നാംദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സുമായി ക്രീസിലെത്തിയപ്പോള്‍ തുടക്കവും ഒടുക്കവും ഒരുപോലെ തകര്‍ന്നടിഞ്ഞു. മധ്യനിരയില്‍ നിരോഷന്‍ ഡ്വിക്ലെല്ല(41), ക്യാപ്റ്റന്‍ ദിനേശ് ചാണ്ഡിമാല്‍(36), ഏയ്ഞ്ചല്‍ മാത്യൂസ്(35) എന്നിവര്‍ മാത്രമാണ് ചെറുതായെങ്കിലും ചെറുത്തു നിന്നത്. ഓപണര്‍ ദിമുത് കരുണരത്‌ന (16), ഏയ്ഞ്ചല്‍ മാത്യൂസ് (35), ദില്‍റുവന്‍ പെരേര(8), ലഹിരു കുമാര(10) എന്നീ നാലു പേരെ പുറത്താക്കി അശ്വിന്‍ വിക്കറ്റ് വേട്ടയ്ക്ക് ചുക്കാന്‍ പിടിച്ചു. പുഷ്പകുമാര (1), കുശാല്‍ മെന്‍ഡിസ്(12), ലക്ഷന്‍ സന്ദാകന്‍(8) എന്നിവരുടെ വിക്കറ്റുകള്‍ പിഴുത് മുഹമ്മദ് ഷമി അശിന് പങ്കാളിത്തം നല്‍കി. രണ്ടാം ദിനം ഉപുല്‍ തരംഗയുടെ വിക്കറ്റിന് പുറമെ അര്‍ധസെഞ്ച്വറിക്കരികെ എത്തിയ ഡിക്വെല്ലയേയും പുറത്താക്കി ഉമേഷ് യാദവ് ലങ്കന്‍ തകര്‍ച്ചയ്ക്ക് തീയൂതിയപ്പോള്‍ അവശേഷിച്ച ചാണ്ഡിമാലിനെ ചൈനാമാന്‍ ബൗളര്‍ കുല്‍ദീപ് യാദവും കൂടാരം കയറ്റി. ഇന്ത്യ സമ്മാനിച്ച 352 റണ്‍സെന്ന ഫോളോഓണ്‍ സ്‌കോര്‍ പോലും പിന്തുടരാനാവാതെ ആതിഥേയര്‍ 74.3 ഓവറില്‍ 181 റണ്‍സില്‍ തകര്‍ന്നപ്പോള്‍ രണ്ട് ദിനം കൂടി ശേഷിക്കെ ചരിത്ര ജയത്തിന്റെ മധുരം നുണയുകയായിരുന്നു ഇന്ത്യ. തന്റെ കന്നി സെഞ്ച്വറി നേടിയ ഹര്‍ദിക് പാണ്ഡ്യ മൂന്നാം ടെസ്റ്റിലെ താരമായപ്പോള്‍ മൂന്ന് ടെസ്റ്റിലും കൂറ്റന്‍ പ്രകടനം കാഴ്ചവച്ച ശിഖാര്‍ ധവാന്‍ പരമ്പരയിലെ താരമായി.
ചരിത്ര നേട്ടത്തില്‍ കോഹ്‌ലിപ്പട
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിലും ഉഗ്രന്‍ ജയമാണ് ഇന്ത്യ നേടിയത്. ഗാലെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 304 റണ്‍സിന്റെ ജയം പിടിച്ച ഇന്ത്യ, കൊളംബോ ടെസ്റ്റില്‍ ഇന്നിങ്‌സിനും 53 റണ്‍സിനും ലങ്കയെ കെട്ടുകെട്ടിച്ചു. തുടര്‍ച്ചയായി മൂന്നാം ടെസ്റ്റിലും ഇന്നിങ്‌സിനും 171 റണ്‍സിനും ജയിച്ച കോഹ്‌ലിപ്പട അപൂര്‍വ നേട്ടവുമായി കായിക ചരിത്രത്തില്‍ ഇടംകണ്ടെത്തി. വിദേശ മണ്ണില്‍ സമ്പൂര്‍ണ ടെസ്റ്റ് പരമ്പര ജയം എന്ന നേട്ടത്തിന് പുറമെ, പരമ്പര ക്ലീന്‍ സ്വിപ്പര്‍ എന്ന ഇന്ത്യന്‍ ബഹുമതി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സ്വന്തമാക്കി. മുഴുവന്‍ സമയ ക്യാപ്റ്റനായി ചുമതലയേറ്റെടുത്ത കോഹ്‌ലിയുടെ തുടര്‍ച്ചയായ ഒമ്പതാം പരമ്പര ജയമാണ് ഇത്. ഇതിനു മുമ്പ് 1994ല്‍ ഇന്ത്യയിലാണ് ലങ്കയ്‌ക്കെതിരേ ഇന്ത്യ സമ്പൂര്‍ണ ടെസ്റ്റ് പരമ്പര നേടിയത്. 1968ലാണ് വിദേശ മണ്ണില്‍ ഇന്ത്യ 3 ടെസ്റ്റ് മല്‍സരങ്ങള്‍ ജയിക്കുന്നത്. മന്‍സൂര്‍ അലി ഖാന്‍ പട്ടോഡിയായിരുന്നു അന്ന് ക്യാപ്റ്റന്‍. അന്ന് 3-1 ന് ഇന്ത്യയ്ക്ക് പരമ്പര കിട്ടി. 1986ല്‍ ഇംഗ്ലണ്ടില്‍ വച്ച് മൂന്ന് ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരാന്‍ കപില്‍ദേവിനും ടീമിനും അവസരം കിട്ടിയിരുന്നെങ്കിലും മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു.
തിരിച്ചുവരുമോ ശ്രീലങ്ക?
ഇന്ത്യന്‍ പരിശീലകനായി അനില്‍ കുംബ്ലെയ്ക്ക് പകരം രവി ശാസ്ത്രി ചുമതലയേറ്റെടുത്ത ശേഷം നടന്ന ആദ്യ പരമ്പരയില്‍ തന്നെ ഇന്ത്യ ശ്രീലങ്കയെ വൈറ്റ്‌വാഷ് ചെയ്തപ്പോള്‍ ലങ്കയുടെ സ്ഥിതി കൂടുതല്‍ വഷളായി. ചാംപ്യന്‍സ് ട്രോഫി മുതല്‍ തോല്‍വി ശാപം വിടാതെ പിന്തുടരുന്ന ലങ്കയ്ക്ക് തുടര്‍ച്ചയായി രണ്ടാം തവണയാണ് സ്വന്തം മണ്ണില്‍ പരമ്പര നഷ്ടമാവുന്നത്. ടെസ്റ്റില്‍ അപരാജിത പ്രകടനം കാഴ്ചവയ്ക്കുന്ന ഇന്ത്യക്ക് മുന്‍പ് സിംബാംബ്‌വെയും ലങ്കയെ തൂത്തുവാരിയിരുന്നു. എന്നാല്‍, ഇന്ത്യയ്ക്ക് മുന്നിലെ തോല്‍വി ലങ്കയെ നാണക്കേടിലാഴ്ത്തുന്നതാണ്. 2004ല്‍ ആസ്‌ത്രേലിയയാണ് ലങ്കന്‍ മണ്ണില്‍ സിംഹളരെ ഇതുപോലെ തോല്‍പിച്ചത്. അന്ന് ആസ്‌ത്രേലിയയും ടെസ്റ്റ് പരമ്പര തൂത്തുവാരിയിരുന്നു. പരാജയക്കയത്തിന്റെ അടിത്തട്ടിലെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റിന് ഇനി തിരിച്ചുവരാന്‍ ഏറെ പ്രയാസകരമാണ്. മുഖ്യ പരിശീലകന്‍ ഇല്ലാതെ ആടിയുലയുന്ന ടീമിനെ മൊത്തത്തില്‍ ഉടച്ചു വാര്‍ക്കുക മാത്രമാണ് ഇതിനുള്ള ഏക പോംവഴി. ഒപ്പം, കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുമായി യുവനിരയെ നയിക്കാന്‍ പ്രാപ്തിയുള്ള പരിചയ സമ്പന്നനായ ഒരു നായകന്‍ കൂടി ലങ്കയ്ക്ക് വേണം.