ന്യൂഡല്‍ഹി: അസുഖബാധിതയായ മാതാവിനെ കാണാനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും കേരളത്തിലേക്ക് വരാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി 14.8 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരേ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം.
സുരക്ഷയ്ക്കായി ടിഎയും ഡിഎയും മാത്രമേ ആവശ്യപ്പെടൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാനാവാത്തതാണ്. ടിഎയും ഡിഎയും നിര്‍ണയിച്ച് നാളെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മകളുടെ വിവാഹത്തിന് കേരളത്തിലെത്തിയപ്പോള്‍ നാലു സുരക്ഷാ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഉണ്ടായിരുന്നത്. 80000 രൂപ മാത്രമായിരുന്നു സുരക്ഷയ്ക്കായി ആവശ്യപ്പെട്ടത്. ആ സ്ഥാനത്ത് ഇപ്പോള്‍ എന്തിനാണ് 19 പേരെ സുരക്ഷയ്ക്കായി നിയോഗിച്ചതെന്നും 14.8 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും സുപ്രീംകോടതി ചോദിച്ചു. അതേസമയം, മഅ്ദനിയുടെ സുരക്ഷ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചെങ്കിലും സുരക്ഷ ഉറപ്പാക്കുകയെന്നത് കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കോടതി വിധി നടപ്പിലാക്കാതിരിക്കാനാണ് കര്‍ണാടക സര്‍ക്കാരിന്റെ നീക്കമെന്നും കോടതി സംശയം പ്രകടിപ്പിച്ചു. മഅ്ദനിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഹാജരായി.