ആൻഡ്രോയ്ഡ് ഫോണുകളിൽ ഇന്നു പുതുയുഗപ്പിറവി. മധുരം പകർന്ന നോഗ യുഗത്തിനുവിരാമിട്ട് ആൻഡ്രോയ്ഡ് സീരീസിലെ പുത്തൻ അവതാരത്തെ ഗൂഗിൾ ഇന്നു ലോകത്തിനു മുന്നിൽ അവതരിപ്പിക്കും. ന്യൂയോർക്ക് സിറ്റിയിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.10നാണ് ആൻഡ്രോയ്ഡ് ഒ സീരീസിന്റെ ആദ്യാവതരണം. അറിയേണ്ടത് ഒന്നുമാത്രം, ലോകം കാത്തിരിക്കുന്ന ഈ പുത്തൻ ആൻഡ്രോയിഡ് അവതാരത്തിന്റെ പേര്.
"ഒ' അക്ഷരത്തിൽ തുടങ്ങുന്ന പേര് എന്ന കാര്യത്തിൽ മാത്രമാണ് സ്ഥിരീകരണമുള്ളത്. എന്നാൽ, ആ പേര് എന്തായിരിക്കുമെന്നതിനേക്കുറിച്ചു ലോകർക്കു ഭിന്നാഭിപ്രായങ്ങളാണുള്ളത്. നാളിതുവരെ മധുര പലഹാരങ്ങളുടെ പേരാണ് ഗൂഗിൾ, ആൻഡ്രോയ്ഡ് സീരീസുകൾക്കു നല്കിയിരുന്നത്. അതിനാൽതന്നെ ഓറിയോ, ഓട്ട്മീൽ എന്നീ പേരുകളാണ് വ്യാപകമായി പ്രചരിച്ചു. എന്നാൽ, കഴിഞ്ഞ മാസത്തോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഡെവലപ്പർ പുറത്തിറക്കിയ പ്രിവ്യൂവിൽ ദ്യശ്യമായത് ഒക്ടോപ്പസ് എന്ന പേരാണ്. ഒക്ടോപ്പസ് (നീരാളി) എന്ന പേരിൽ മധുരപലഹാരമില്ലല്ലോ, ഇതെങ്ങനെ ശരിയാകും തുടങ്ങിയ സന്ദേഹങ്ങൾ ആരാധകർ പ്രകടിപ്പിച്ചെങ്കിലും ഗൂഗിൾ മൗനം പാലിച്ചു, സസ്പെൻസ് കൊഴുക്കട്ടെ എന്ന മട്ടിൽ... എന്തായാലും ഓറിയോ ആണോ ഒക്ടോപ്പസ് ആണോ അതോ മറ്റേതെങ്കിലും പേരാണോ എന്ന് ഇന്നറിയാം.
അവതരണം തത്സമയം
"ഒ' സീരീസിന്റെ ആദ്യാവതരണം നേരിട്ടു കാണാൻ സാധിക്കാത്തവർക്കായി ഗൂഗിൾ, ചടങ്ങിന്റെ ലൈവ് സ്ട്രീമിംഗ് ഒരുക്കിയിട്ടുണ്ട്. ഇതുവരെ പേരു വെളിപ്പെടുത്തിയിട്ടില്ലെങ്കിലും "ഒ' സീരിസിന്റെ സവിശേഷതകളെക്കുറിച്ച് ഗൂഗിൾ ചില സൂചനകളും പുറത്തുവിട്ടിട്ടുണ്ട്.
ഐക്കണുകളുടെ രൂപം മാറി
ചതുരാകൃതിയിലുള്ള ഐക്കണുകൾക്കുപകരം സിലിണ്ടർ ആകൃതിയിലുള്ള ഐക്കണുകളാണ് ഒ സീരിസിന്റെ മുഖമുദ്ര. ഓരോ ഐക്കണിലും അതു നിർവഹിക്കുന്ന കർത്തവ്യത്തെക്കുറിച്ചു സൂചന നല്കുന്നതിനുള്ള ആനിമേറ്റഡ് ആക്ഷൻ സംവിധാനവുമുണ്ട്.