കൊളംബോ: ഇന്ത്യയെന്ന ടീമിന്റെ വന്‍മതിലായി ക്രീസില്‍ ക്ലാസിക് പ്രകടം കാഴ്ചവച്ച് ചേതേശ്വര്‍ പുജാര (128*) സെഞ്ച്വറിയോടെ കത്തിക്കയറിയപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സെന്ന നിലയിലാണ്. സെഞ്ച്വറിയോടെ അജിന്‍ക്യ രഹാനെയാണ് (103*) പുജാരയ്‌ക്കൊപ്പം ക്രീസിലുള്ളത്.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റഇങ് തിരഞ്ഞെടുക്കുകയായിരുന്നു. അഭിവന് മുകുന്ദിനെ പുറത്തിരിത്തി ശിഖാര്‍ ധവാനും (35) കെ എല്‍ രാഹുലും (57) ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിങ്‌സ് ഓപണ്‍ ചെയ്തത്. പനിബാധയെത്തുടര്‍ന്ന് ഒന്നാം ടെസ്റ്റ് കളിക്കാതിരുന്ന രാഹുല്‍ അര്‍ധ സെഞ്ച്വറിയോടെ മുന്നേറിയപ്പോള്‍ ഒന്നാം വിക്കറ്റില്‍ 56 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ന്നു. ഒരു വശത്ത് ആക്രമിച്ച് കളിച്ച ധവാന്‍ 37 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും പറത്തി മുന്നേറവെ ദില്‍റൂവന്‍ പെരേരയ്ക്ക് മുന്നില്‍ എല്‍ബിയില്‍ കുടുങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ പുജാര – രാഹുല്‍ കൂട്ടുകെട്ടും ഫോമിലേക്കുയര്‍ന്നതോടെ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിച്ചു. സ്‌കോര്‍ബോര്‍ഡില്‍ 109 റണ്‍സുള്ളപ്പോള്‍ രാഹുല്‍ മടങ്ങി. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേഷ് ചണ്ഡിമാലിന്റെയും വിക്കറഅറ് കീപ്പര്‍ ഡിക്ക്വെല്ലയുടെയും കൂട്ടായ ശ്രമത്തില്‍ രാഹുല്‍ റണ്ണൗട്ടാവുകയായിരുന്നു. ഗോള്‍ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മികച്ച ഷോട്ടുകളോടെ തുടങ്ങിയെങ്കിലും രങ്കണ ഹരാത്തിന് മുന്നില്‍ വീണു. ഏയ്ഞ്ചലോ മാത്യൂസിന് ക്യാച്ച് നല്‍കിയാണ് കോഹ്‌ലി മടങ്ങിയത്. മൂന്നാമനായി കോഹ്‌ലി പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ 133 റണ്‍സായിരുന്നു ഉണ്ടായിരുന്നത്.
മൂന്ന് മുന്‍നിര വിക്കറ്റുകള്‍ വീണതോടെ പതറി തുടങ്ങിയ ഇന്ത്യയെ നാലാം വിക്കറ്റിലെ രഹാനെ – പജാര കൂട്ടുകെട്ട് മികച്ച സ്‌കോറിലേക്കെത്തിച്ചു. ഇരുവരും 211 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. തന്റെ 50ാം ടെസ്റ്റിനിറങ്ങിയ പുജാര 225 പന്തുകള്‍ നേരിട്ട് 10 ഫോറും ഒരു സിക്‌സറും പറത്തിയാണ് സെഞ്ച്വറിയോടെ ക്രീസില്‍ നില്‍ക്കുന്നത്. മധ്യ നിരയില്‍ രോഹിത് ശര്‍മയ്ക്ക് ഇനിയും കാത്തിരിക്കണമെന്ന് തെളിയിക്കുന്ന ഉശിരന്‍ ബാറ്റിങാണ് രഹാന പുറത്തെടുത്തത്. 168 പന്തുകള്‍ നേരിട്ട് 12 ബൗണ്ടറികളുമായാണ് രഹാനെയുടെ സെഞ്ച്വറി പ്രകടനം.
ശ്രീലങ്കന്‍ നിരയില്‍ രങ്കണ ഹരാത്തും ദില്‍റൂവന്‍ പെരേരയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി തിളങ്ങി. ലങ്കന്‍ നിരയില്‍ ക്യാപ്റ്റന്‍ ദിനേഷ് ചണ്ഡിമാല്‍ തിരിച്ചെത്തിയപ്പോള്‍ അസീല ഗുണരത്‌നയ്ക്ക് പ്ലേയിങ് ഇലവില്‍ ഇടം നേടാനായില്ല.