ദാമന്‍ ദിയു: രക്ഷാ ബന്ധന്‍ നിര്‍ബന്ധമായും ആഘോഷിക്കണമെന്ന് കാണിച്ച് ഉത്തരവ്. കേന്ദ്രഭരണ പ്രദേശമായ ദാമന്‍ ദിയുവിലാണ് വിവാദ ഉത്തരവ് പുറത്തിറക്കിയത്. രക്ഷാ ബന്ധന്‍ ദിനമായ ഓഗസ്ത് ഏഴിന് എല്ലാ സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കുകയും ആഘോഷപരിപാടി സംഘടിപ്പിക്കുകയും ചെയ്യണമെന്ന് കാണിച്ച് ദാമന്‍ ദിയു അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറി ഗുപ്രീത് സിങ് ആണ് ഉത്തരവ് പുറത്തിറക്കിയത്. സഹപ്രവര്‍ത്തകരുടെ കൈയ്യില്‍ സ്ത്രീകള്‍ നിര്‍ബന്ധമായും രക്ഷകെട്ടണമെന്നും ആഘോഷത്തില്‍ പങ്കെടുക്കാത്തവരുടെ പേര് വിവരങ്ങള്‍ അടുത്തദിവസം അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഉത്തരവിനെതിരെ ഉദ്യോഗസ്ഥ തലത്തിലും ജനങ്ങള്‍ക്കിടയിലും പ്രതിഷേധമുയര്‍ന്നതിനെതുടര്‍ന്ന് അധികൃതര്‍ ഉത്തരവ് പിന്‍വലിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും സാഹോദര്യം ഊട്ടിയുറപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും ഗുപ്രീത് സിങ് പറഞ്ഞു.