വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 9 August 2017

ഫലസ്തീന്‍കാരെ പുറത്താക്കാന്‍ ഇസ്രായേല്‍ നീക്കം



ജറുസലേം: ജറുസലേമില്‍നിന്ന് ഫലസ്തീന്‍കാരെ പുറത്താക്കാന്‍ ഇസ്രായേല്‍ നീക്കം നടത്തുന്നതായി മനുഷ്യാവകാശ സംഘടന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് (എച്ച്ആര്‍ഡബ്ല്യു). അന്താരാഷ്ട്ര നിയമത്തിനു വിരുദ്ധമായി ഇസ്രായേല്‍ സ്വീകരിച്ച മാറ്റിപ്പാര്‍പ്പിക്കല്‍ നയപ്രകാരമാണ് ഫലസ്തീന്‍കാരെ അവരുടെ വീടുകളില്‍നിന്ന് ഒഴിപ്പിക്കുന്നത്. അധിനിവിഷ്ട ജറുസലേമില്‍ ഫലസ്തീന്‍കാരുടെ താമസാനുമതി ഇസ്രായേല്‍ അസാധുവാക്കുകയും പകരം അനധികൃത ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നതായി എച്ച്ആര്‍ഡബ്ല്യു റിപോര്‍ട്ടില്‍ പറയുന്നു. ജറുസലേം നഗരത്തില്‍ ഫലസ്തീന്‍കാര്‍ നിര്‍മാണപ്രവൃത്തികള്‍ നടത്തുന്നതിനും നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലുണ്ട്. ഇസ്രായേല്‍ അധികൃതര്‍ ഫലസ്തീന്‍ ഭവനങ്ങള്‍ പൊളിച്ചുമാറ്റുന്നതായും മനുഷ്യാവകാശസംഘടന അറിയിച്ചു. അധിനിവിഷ്ട പ്രദേശങ്ങളിലെ ഫലസ്തീന്‍ ജനസംഖ്യ വര്‍ധിക്കാതിരിക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നത്. നഗരത്തില്‍ ജൂതര്‍ക്ക് വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്താനുള്ള ഇസ്രായേല്‍ സര്‍ക്കാര്‍ നീക്കമാണ് ഇതില്‍ പ്രതിഫലിക്കുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു.അധിനിവിഷ്ട ജറുസലേമില്‍ ഇസ്രായേല്‍ പിന്തുടരുന്ന പാര്‍പ്പിട ചട്ടങ്ങള്‍ പ്രകാരം കെട്ടിടത്തിന്‍മേലുള്ള അവകാശം നിലനിര്‍ത്താന്‍ ഫലസ്തീന്‍കാര്‍ നിരവധി രേഖകള്‍ സൂക്ഷിക്കുകയും നിബന്ധനകള്‍ അനുസരിക്കുകയും വേണം. ഇതില്‍ വീഴ്ച സംഭവിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങളാണ് തദ്ദേശവാസികള്‍ അനുഭവിക്കേണ്ടിവരുക. കിഴക്കന്‍ ജറുസലേമില്‍ ഇസ്രായേല്‍ അധിനിവേശം ആരംഭിച്ച 1967മുതല്‍ കഴിഞ്ഞ വര്‍ഷംവരെ നഗരത്തില്‍ 14,495 ഫലസ്തീന്‍കാരുടെ താമസ അനുമതി റദ്ദാക്കിയതായും എച്ച്ആര്‍ഡബ്ല്യു റിപോര്‍ട്ട് വ്യക്തമാക്കുന്നു. ജറുസലേമില്‍ ഏകീകൃത നിയമമാണെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ജൂതര്‍ക്കും ഫലസ്തീനികള്‍ക്കും വെവ്വേറെ നിയമമെന്നതാണ് യാഥാര്‍ഥ്യമെന്ന് എച്ച്ആര്‍ഡബ്ല്യു പശ്ചിമേഷ്യന്‍ ഡയറക്ടര്‍ സാറാ ലീ വിറ്റ്‌സണ്‍ പറഞ്ഞു. ജറുസലേമില്‍ ഫലസ്തീനികള്‍ക്കുള്ള നിയമപരമായ അവകാശങ്ങള്‍ എടുത്തുമാറ്റാനുള്ള നീക്കമാണ് ഇസ്രായേലിന്റേത്. ജറുസലേമിലെ ഫലസ്തീന്‍കാരെ വിദേശികളെപ്പോലെ ജീവിക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് തള്ളിവിടുകയും ഒറ്റപ്പെടുത്തുകയുമാണെന്നും അവര്‍ വ്യക്തമാക്കി.