വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Sunday, 13 August 2017

ഫോട്ടോ ഫിനിഷില്‍ ഗബ്രിയേല്‍ ചുണ്ടന്‍ ജലരാജാവ്



ആലപ്പുഴ: തര്‍ക്കങ്ങള്‍ കരിനിഴല്‍ വീഴ്ത്തിയെങ്കിലും പുന്നമടയുടെ ഓളപ്പരപ്പിനു മീതെ ആവേശപ്പൂരമൊരുക്കിയ 65ാമതു നെഹ്‌റു ട്രോഫി ജലോല്‍സവത്തില്‍ ഗബ്രിയേല്‍ ചുണ്ടന്‍ ജലരാജാവായി. ഇഞ്ചോടിഞ്ച് നീണ്ട പോരാട്ടത്തിനൊടുവില്‍ ഫോട്ടോഫിനിഷിങില്‍ 4.17.42 മിനിറ്റെടുത്താണ് എറണാകുളം തുരുത്തിക്കാട് ബോട്ട് ക്ലബ് തുഴഞ്ഞ ഗബ്രിയേല്‍ ആദ്യമായി നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ടത്. മല്‍സരിച്ച ആദ്യവര്‍ഷം തന്നെയാണ് ഗബ്രിയേല്‍ ചുണ്ടന്‍ നെഹ്‌റു ട്രോഫി സ്വന്തമാക്കിയത്.   യുബിസി കൈനകരി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍തെക്കേതില്‍ (4.17.72) രണ്ടാംസ്ഥാനം സ്വന്തമാക്കി. നെഹ്‌റു ട്രോഫിയുടെ ചരിത്രത്തിലെ തന്നെ വമ്പന്‍മാരായ കുമരകം വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് ചുണ്ടനാണ് (4.17.99) മൂന്നാം സ്ഥാനം. നിലവിലെ ചാംപ്യന്‍മാരായ കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ നാലാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. മല്‍സരവിഭാഗത്തിലെ 20 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 78 കളിവള്ളങ്ങളാണ് ഇത്തവണ അണിനിരന്നത്. വള്ളത്തില്‍ പ്രഫഷനല്‍ തുഴച്ചില്‍കാരെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച തര്‍ക്കമാണ് ഫൈനല്‍ വൈകാന്‍ കാരണമായത്. കൂടാതെ ഫൗള്‍സ്റ്റാര്‍ട്ട് മൂലം ഹീറ്റ്‌സിലെ മല്‍സരങ്ങള്‍ നാലുതവണ മുടങ്ങിയതും തര്‍ക്കങ്ങള്‍ക്കു കാരണമായി. ഫൈനല്‍ മല്‍സരം ഏറെ വൈകിയത് കാണികളുടെ പ്രതിഷേധത്തിനും കാരണമായി. അഞ്ച് ഹീറ്റ്‌സുകളിലായി മല്‍സരിച്ച 20 ചുണ്ടന്‍ വള്ളങ്ങളില്‍നിന്ന് മികച്ച സമയം കുറിച്ച നാലു വള്ളങ്ങളാണ് ഫൈനലിനു യോഗ്യത നേടിയത്. ഉച്ചയ്ക്കു രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്റെ ഭാര്യ കമല, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ചാണ്ടി, ജി സുധാകരന്‍, തോമസ് ഐസക്, ഇ ചന്ദ്രശേഖരന്‍ സംബന്ധിച്ചു.