പാണത്തൂര്‍: പാണത്തൂര്‍ ബാപ്പുങ്കയത്തെ അങ്കണവാടി വിദ്യാര്‍ഥിനി സന ഫാത്തിമയെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് നാടോടി സംഘത്തെ ചോദ്യം ചെയ്തു. പാണത്തൂര്‍ ഭാഗങ്ങളില്‍ എത്താറുള്ള സ്ത്രീകള്‍ ഉള്‍പ്പെട്ട നാടോടി സംഘത്തെയാണ് നീലേശ്വരത്തുള്ള അവരുടെ താമസസ്ഥലത്തുവെച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തത്.
അതേസമയം, ദുരന്തനിവാരണസേന പുഴയില്‍ തിരച്ചില്‍ നടത്തുന്നതിനുപുറമെ പോലീസിന്റെ പ്രത്യേക സ്‌ക്വാഡ് മറ്റ് രീതിയിലുള്ള സമാന്തര അന്വേഷണവും ഊര്‍ജിതമാക്കി. സനയുടെ അന്വേഷണത്തിനായി വെള്ളരിക്കുണ്ട് സിഐ എം സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഏഴംഗ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.രാജപുരം എസ്‌ഐ എ പി ജയകുമാര്‍, ചിറ്റാരിക്കാല്‍ എസ്‌ഐ ടി വി പ്രേമന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രേമരാജന്‍, റിജേഷ്, ഗോപകുമാര്‍, ബിജു പെരളം എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.