കറന്‍സി നിരോധം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: മിന്നലാക്രമണമെന്നോ, കാര്‍പെറ്റ് ബോംബിങ് എന്നോ വിശേഷിപ്പിച്ചാലും കറന്‍സി പിന്‍വലിക്കല്‍ യാദൃച്ഛികമായ നാശനഷ്ടമുണ്ടാക്കിയെന്നും സാധാരണക്കാരനാണ് ഇത് സഹിക്കേണ്ടിവരുന്നതെന്നും സുപ്രീംകോടതി. സ്വന്തം പണത്തിന് ക്യൂ നില്‍ക്കാന്‍ രാജ്യത്തെ ജനങ്ങളെ നിര്‍ബന്ധിതരാക്കിയതെന്തിനാണെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് ചോദിച്ചു. അതേസമയം, സര്‍ക്കാറിന്‍െറ സാമ്പത്തിക നയത്തില്‍ ഇടപെടില്ളെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി മുന്തിയ കറന്‍സി അസാധുവാക്കിയ നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു.
500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കള്ളപ്പണത്തിന് മേലുള്ള മിന്നലാക്രമണമായിരിക്കാം സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു. എന്നാല്‍, സാധാരണക്കാരന് ദുരിതമുണ്ടാക്കുന്നതാകരുത് ഇത്. സ്വന്തം പണത്തിന് ക്യൂ നില്‍ക്കാന്‍ രാജ്യത്തെ ജനങ്ങളെ നിര്‍ബന്ധിതരാക്കിയതെന്തിനാണെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചു. ഒന്നും ചെയ്യാതെ മണിക്കൂറുകളോളം ജനങ്ങളെ ഈ തരത്തില്‍ വരിയില്‍ നിര്‍ത്തുന്നത് അരോചകമാണ്.
എന്തുകൊണ്ട് പിന്‍വലിക്കാനുള്ള പണത്തിന്‍െറ പരിധി യുക്തിസഹമായ രീതിയില്‍ വര്‍ധിപ്പിച്ചുകൂടാത്തതെന്ന് സുപ്രീംകോടതി ചോദിച്ചു. ദിവസക്കൂലിക്കാര്‍, ആശാരിമാര്‍, പടവുകാര്‍, വീട്ടുവേലക്കാര്‍, പച്ചക്കറി വില്‍പനക്കാര്‍ തുടങ്ങിയവരെല്ലാം പണത്തെ ആശ്രയിക്കുന്നവരാണെന്ന് ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിച്ചു. സാധാരണക്കാരന്‍ അകപ്പെട്ട ഈ ദുരിതം കുറക്കാന്‍ കേന്ദ്ര സര്‍ക്കാറിന് എന്തുചെയ്യാന്‍ കഴിയുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
കള്ളപ്പണത്തിനെതിരായ മിന്നലാക്രമണം യഥാര്‍ഥത്തില്‍ സാധാരണക്കാര്‍ക്ക് മേലുള്ള കാര്‍പെറ്റ് ബോംബിങ് ആയി മാറിയിരിക്കുകയാണെന്ന് ഹരജിക്കാരിലൊരാള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. കപില്‍ സിബല്‍ ബോധിപ്പിച്ചു. ഒരു ട്രസ്റ്റിയുടെ സ്ഥാനത്തുള്ള ബാങ്കിന് എങ്ങനെ ഒരു വ്യക്തി പണം പിന്‍വലിക്കുന്നത് പരിമിതപ്പെടുത്താന്‍ പറ്റുകയെന്ന് സിബല്‍ ചോദിച്ചു. 1978ല്‍ വലിയ തുകയുടെ കറന്‍സി പിന്‍വലിക്കുമ്പോള്‍ അന്നത് മൊത്തം കറന്‍സിയുടെ രണ്ട് ശതമാനം മാത്രമാണ്. എന്നാല്‍, ഇപ്പോള്‍ നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ മൊത്തം കറന്‍സിയുടെ 86 ശതമാനമാണെന്ന് സിബല്‍ ചൂണ്ടിക്കാട്ടി.
ജനങ്ങള്‍ ഇങ്ങനെ വരിയില്‍ നില്‍ക്കണമെന്ന് ആര്‍ക്കും ഉദ്ദേശ്യമില്ളെന്നും ജനങ്ങള്‍ക്ക് വേണമെങ്കില്‍ ‘പേടിഎം’, കാര്‍ഡുകള്‍, ഓണ്‍ലൈന്‍ എന്നിവ വഴി പണമിടപാടുകള്‍ നടത്താമെന്നും കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി പറഞ്ഞു. പേടിഎം ചൈനീസ് കമ്പനിയാണെന്ന് തിരിച്ചടിച്ച കപില്‍ സിബല്‍ സത്യത്തില്‍ ജനങ്ങള്‍ പണമില്ലാത്ത സമൂഹമായി മാറിയെന്നും പറഞ്ഞു.
16 ലക്ഷത്തോളമുള്ള 500, 1000 രൂപ നോട്ടുകളില്‍ 3.25 ലക്ഷം കോടിയുടെ നോട്ടുകളാണ് ജനങ്ങള്‍ തിരിച്ചടച്ചതെന്ന് റോത്തഗി ബോധിപ്പിച്ചു. എല്ലാ ദിവസവും 10,000 കോടി ഇതിനോട് ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ജനങ്ങള്‍ക്കുണ്ടായ പ്രയാസം മാത്രമാണ് ഇതിനെതിരെ ഉയര്‍ന്ന വാദമെന്നും റോത്തഗി വാദിച്ചു. ഇതേ തുടര്‍ന്ന് കള്ളപ്പണവും അതിര്‍ത്തി കടന്നുള്ള ധനാഗമനവും തടയണമെന്ന സര്‍ക്കാറിന്‍െറ വലിയ ലക്ഷ്യത്തിന് വിഘ്നം വരാതെ ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ കൈക്കൊണ്ട നടപടികള്‍ വ്യക്തമാക്കി ഈ മാസം 25നകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കി.