വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Tuesday, 22 November 2016

ഗംഭീരനായി ഗൗതം, നിലതെറ്റാതെ ഗംഭീര്‍



കല്‍പറ്റ: ഗൗതം ഗംഭീറിന്‍െറ ബാറ്റിങ് കാണാന്‍ കൃഷ്ണഗിരിയുടെ കളിത്തട്ടിലത്തെിയവരെ വിരുന്നൂട്ടിയത് മറ്റൊരു ഗൗതം. കരുത്തരായ ഗംഭീറും ശിഖര്‍ ധവാനും അടങ്ങിയ ഡല്‍ഹിക്കെതിരെ രഞ്ജി ട്രോഫി ഗ്രൂപ് ‘ബി’ മത്സരത്തില്‍ കരുത്തുകാട്ടിയ യുവതാരം അമിത്കുമാര്‍ ഗൗതം (106) പൊരുതിനേടിയ സെഞ്ച്വറിയായിരുന്നു ആദ്യദിനത്തിലെ സവിശേഷത.
ഗൗതമിന്‍െറ ശതകമികവില്‍ വന്‍ തകര്‍ച്ച ഒഴിവാക്കിയ രാജസ്ഥാന്‍ ഒന്നാമിന്നിങ്സില്‍ 238 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നിരയില്‍ ഓപണിങ്ങിനിറങ്ങിയത് ഗംഭീര്‍-ധവാന്‍ ജോടി. അവസാന സെഷനില്‍ 11 ഓവര്‍ ബാറ്റുചെയ്ത ഇരുവരും അഭേദ്യമായ ഒന്നാം വിക്കറ്റില്‍ 37 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ധവാന്‍ 39 പന്തുകളില്‍ ആറു ഫോറടക്കം 29 റണ്‍സെടുത്തപ്പോള്‍ 28 പന്തില്‍ ആറു റണ്‍സാണ് ഗംഭീറിന്‍െറ സമ്പാദ്യം.
ടോസ് നേടിയ ഡല്‍ഹി എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഗംഭീറിന്‍െറ കണക്കുകൂട്ടലുകള്‍ക്കൊത്താണ് കൃഷ്ണഗിരിയിലെ കുന്നിന്‍മുകളില്‍ ഡല്‍ഹി പേസര്‍മാര്‍ പന്തെറിഞ്ഞുതുടങ്ങിയത്. മഞ്ഞുവീണ പിച്ചില്‍ മികച്ച പേസും ബൗണ്‍സും കിട്ടിത്തുടങ്ങിയതോടെ സുമിത് നര്‍വാളും നവ്ദീപ് സെയ്നിയും രാജസ്ഥാന്‍ ഓപണര്‍മാരെ വല്ലാതെ കുഴക്കി. 26 പന്ത് നേരിട്ട് അഞ്ചു റണ്‍സ് മാത്രമെടുത്ത മനേന്ദര്‍ സിങ്ങിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി നര്‍വാളാണ് രാജസ്ഥാന് ആദ്യ പ്രഹരം നല്‍കിയത്. തുടര്‍ന്നത്തെിയ പുനീത് യാദവിന് അക്കൗണ്ടിലേക്ക് ഒരു റണ്‍പോലും കൂട്ടിച്ചേര്‍ക്കാനായില്ല. മീഡിയം പേസര്‍ വികാസ് തൊകാസിന്‍െറ പന്തില്‍ കുറ്റിതെറിച്ച് മടങ്ങുമ്പോള്‍ പുനീത് 21 പന്തുകള്‍ നേരിട്ടിരുന്നു.
രണ്ടിന് 20 റണ്‍സെന്ന നിലയില്‍ പരുങ്ങിയ രാജസ്ഥാന്‍ നിരയില്‍ ഗൗതമിന്‍െറ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനമായിരുന്നു പിന്നീട്. ഇതിനിടയിലും മഹിപാല്‍ ലൊംറോറും (15) രാജേഷ് ബിഷ്ണോയിയും (നാല്) നിലയുറപ്പിക്കുംമുമ്പേ തിരിച്ചുകയറിയപ്പോള്‍ നാലിന് 68 റണ്‍സെന്ന നിലയില്‍ രാജസ്ഥാന്‍ വീണ്ടും പരുങ്ങി. ശേഷം ക്രീസിലത്തെിയത് 17കാരനായ സല്‍മാന്‍ ഖാന്‍. വന്നപാടെ ബൗണ്ടറികളോടെ തുടങ്ങിയ കൗമാരതാരം ഗൗതമിന് മികച്ച പിന്തുണ നല്‍കി.
അഞ്ചാം വിക്കറ്റില്‍ 59 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയശേഷം തൊകാസിനെതിരെ കൂറ്റനടിക്കുള്ള ശ്രമത്തില്‍ മനന്‍ ശര്‍മക്ക് ക്യാച്ച് നല്‍കി സല്‍മാന്‍ (31) മടങ്ങി. ചേതന്‍ ബിഷ്ത് (ഒമ്പത്) എളുപ്പം മടങ്ങിയശേഷം വാലറ്റത്ത് ദീപക് ചാഹര്‍ (47) നല്‍കിയ പിന്തുണയില്‍ ഇന്നിങ്സിനെ  ഗൗതം മുന്നോട്ടുനയിക്കുകയായിരുന്നു. സ്കോര്‍ 200 കടത്തിയതിനു പിന്നാലെ ഗൗതം മടങ്ങി. വിക്കറ്റിനു പിന്നില്‍ ഋഷഭ് പന്തിന്‍െറ ഗ്ളൗസിലൊതുങ്ങുമ്പോള്‍ 182 പന്തില്‍ 15 ഫോറും രണ്ടു സിക്സറുമടക്കം 21കാരന്‍ 106ലത്തെിയിരുന്നു.