വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Thursday, 17 November 2016

ഇന്ത്യക്കു ചേരുമോ സ്വീഡനിലെ കറന്‍സിയില്ലാ വ്യവസ്ഥ



സ്റ്റോക്ഹോം: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ ഇന്ത്യക്കാര്‍ നോട്ടിനായി നെട്ടോട്ടമോടുമ്പോള്‍, നോട്ട് വേണ്ടേ വേണ്ട എന്ന് പറയുന്നവരാണ് സ്വീഡനിലെ ഭൂരിപക്ഷം. അവിടെ, 60 ശതമാനം ഇടപാടുകളും ഇ-പേമെന്‍റിലൂടെയാണ്. ഇന്ത്യയില്‍ നോട്ടുകള്‍ അസാധുവാക്കിയ നടപടി രാജ്യത്തെ സമ്പദ്വ്യവസ്ഥയെ കറന്‍സി മുക്തമാക്കാനുള്ള നീക്കത്തിന്‍െറ നടപടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകള്‍ കുറക്കുന്നതിന് ഐക്യരാഷ്ട്ര സഭയുള്‍പ്പെടെ വിവിധ ഏജന്‍സികള്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ലോകരാജ്യങ്ങളെ കറന്‍സിരഹിത സമ്പദ്വ്യവസ്ഥയായി പരിവര്‍ത്തിപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്നതിന് ഐക്യരാഷ്ട്രസഭ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യു.എന്‍ കാപിറ്റല്‍ ഡെവലപ്മെന്‍റ് ഫണ്ട്സ് ബെറ്റര്‍ ദാന്‍ കാഷ് അലയന്‍സ്. ഇടപാടുകള്‍ ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറ്റണമെന്നാണ് സംഘടനയുടെ താല്‍പര്യം. മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്സും അദ്ദേഹത്തിന്‍െറ ഭാര്യയും നേതൃത്വം നല്‍കുന്ന ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍, മാസ്റ്റര്‍കാര്‍ഡ്, വിസ തുടങ്ങിയവരാണ് പദ്ധതിക്ക് സാമ്പത്തികസഹായം ചെയ്യുന്നത്.
സ്വീഡനാണ് ബെറ്റര്‍ ദാന്‍ കാഷ് അലയന്‍സ് ചൂണ്ടിക്കാണിക്കുന്ന മാതൃകരാജ്യം. ഇവിടെ ബസിലും ചെറിയ പീടികകളിലും വരെ കാര്‍ഡുവഴിയാണ് പണം സ്വീകരിക്കുന്നത്. എന്നാല്‍, എല്ലാ ഇടപാടുകളും ഇ-പേമെന്‍റ് ആക്കിയതോടുകൂടി പ്രയാസങ്ങളും നിരവധിയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ, ഇന്‍റര്‍നെറ്റ് വഴിയുള്ള പണാപഹരണം ഇരട്ടിയായി വര്‍ധിച്ചു.ഇടപാടുകള്‍ പൂര്‍ണമായും ഇ-പേമെന്‍റ് ആക്കുന്നതിനെതിരെ സ്വീഡനില്‍ അഭിപ്രായം ശക്തമാണ്. രാജ്യത്തെ കേന്ദ്ര ബാങ്കായ റിക്സ്ബാങ്ക്തന്നെയും അതിനെ എതിര്‍ക്കുന്നു.

ഇനി ഡിജിറ്റല്‍ കറന്‍സി 
1660ല്‍ ലോകത്താദ്യമായി കറന്‍സി ഉപയോഗിച്ച രാജ്യമാണ് സ്വീഡന്‍. ലോകത്തെ ഏറ്റവും പഴയ സെന്‍ട്രല്‍ ബാങ്കും സ്വീഡന്‍െറ റിക്സ്ബാങ്ക് ആണ്. തങ്ങളുടെ നാണയമായ ക്രോണയുടെ ഡിജിറ്റല്‍ രൂപമായ ഇക്രോണ അവതരിപ്പിച്ച്, ഈ ദിശയില്‍ ലോകത്തെ ആദ്യത്തെ രാജ്യമാവാനുള്ള ഒരുക്കത്തിലാണ് സ്വീഡന്‍. ഡിജിറ്റല്‍ കറന്‍സി ആവശ്യമാണോ എന്നതുസംബന്ധിച്ച് രാജ്യത്ത് സംവാദം തുടങ്ങിക്കഴിഞ്ഞു. റിക്സ്ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ സിസിലിയ സ്കിങ്സ്ലി ബുധനാഴ്ച ഇതുസംബന്ധിച്ച് പ്രസ്താവന നടത്തി.