തിരുവനന്തപുരം: നോട്ട് അസാധുവാക്കിയ കേന്ദ്ര നടപടിക്കെതിരെ എല്‍.ഡി.എഫ് നടത്തുന്ന ഹർത്താൽ പൂർണം. സംസ്ഥാനത്തെമ്പാടും കെ.എസ്.ആര്‍.ടിസി ബസ് സര്‍വീസുകള്‍ പൂര്‍ണമായും സ്തംഭിച്ചു. സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തിവെച്ചു. ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. ബാങ്കുകളെ ഒഴിവാക്കിയിട്ടുള്ളതിനാൽ ബാങ്ക് പ്രവർത്തനങ്ങളെ കാര്യമായി ഹർത്താൽ ബാധിച്ചിട്ടില്ല. അത്യാവശ്യമായി ഇടപാടുകൾ നടത്തേണ്ടവർ ബാങ്കുകളിലെത്തിയിട്ടുണ്ട്.
ശബരിമല തീര്‍ഥാടനം പ്രമാണിച്ച് പത്തനംതിട്ട ജില്ലയില്‍ റാന്നി താലൂക്ക്, ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകള്‍, കോട്ടയം ജില്ലയില്‍ എരുമേലി പഞ്ചായത്ത്, ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ നഗരം എന്നിവിടങ്ങളിലെ ശബരിമല ഇടത്താവളങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിട്ടുണ്ട്. അതിനാല്‍ ശബരിമല തീര്‍ഥാടകരെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല.
അതേസമയം, ഹര്‍ത്താല്‍ ഒഴിവാക്കേണ്ടതാണെന്ന നിലപാടില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ തിങ്കളാഴ്ച രാജ്ഭവനിലേക്ക് മാർച്ച് നടത്തി. ജില്ല കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികളും യു.ഡി.എഫ് സംഘടിപ്പിച്ചിട്ടുണ്ട്.വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.