പയ്യന്നൂര്‍: വൃദ്ധമാതാവിനെ മര്‍ദിച്ച മകൾക്കും ഭർത്താവിനുമെതിരെ കേസ്. പയ്യന്നൂര്‍ മാവിച്ചേരിയിലെ കെ.വി. കാര്‍ത്യായനിയെ(75) മർദിച്ചതിനാണ് മകൾ ചന്ദ്രമതിക്കും ഭർത്താവ് രവിക്കുമെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തത്. ഗാർഹിക പീഡന നിയമപ്രകാരണമാണ് കേസെടുത്തത്.
ചന്ദ്രമതി വീട്ടില്‍വെച്ച് ക്രൂരമായി മര്‍ദിക്കുന്നത് കണ്ടുവെന്ന് കാണിച്ച് കാര്‍ത്യായനിയുടെ മകനും ചന്ദ്രമതിയുടെ സഹോദരനുമായ കെ.വി. വേണുഗോപാലനാണ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ശനിയാഴ്ച രാത്രി ബഹളംകേട്ട് അന്വേഷിക്കാനെത്തിയ വേണുഗോപാലൻ ചന്ദ്രമതി അമ്മയെ മര്ദിക്കുന്നതിെൻറ ദൃശ്യങ്ങൾ പകർത്തിയിരുന്നു. കൈകൊണ്ടും ചൂലുകൊണ്ടും അമ്മയെ ചന്ദ്രമതി മര്‍ദിക്കുന്നതും അസഭ്യം പറഞ്ഞ് തള്ളിപ്പുറത്താക്കുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങള്‍ സഹിതമാണ് മകന്‍ പരാതി നല്‍കിയത്.
സ്വത്തുക്കള്‍ തട്ടിയെടുത്തശേഷം വാര്‍ധക്യസഹജമായ അസുഖങ്ങളുള്ള അമ്മയെ അസഭ്യം പറയുകയും മര്‍ദിച്ചതായും പരാതിയിലുണ്ട്. പരാതി പ്രകാരം കാർത്യായനിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികൾക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
അതേസമയം അമ്മയെ മര്‍ദിച്ചെന്ന പരാതി കള്ളമാണെന്നാണ് ചന്ദ്രമതിയുടെ വാദം. കുടുംബവഴക്കിനെതുടര്‍ന്നാണ് സഹോദരന്‍ തനിക്കെതിരെ പരാതി നല്‍കിയതെന്നും ആൺമക്കളാണ് അമ്മയെ നോക്കേണ്ടതെന്നും കേസെടുത്തോട്ടെയെന്നും ചന്ദ്രമതി പറഞ്ഞു.