പാരിസ്: ഫ്രാൻസിൽ വീണ്ടും ആക്രമണം നടത്താനുള്ള െഎ.എസ് ഭീകരരുടെ ശ്രമം വിഫലമാക്കിയതായി പൊലീസ്. കഴിഞ്ഞ ആഴ്ച ഫ്രാൻസിലെ സ്ട്രോസ്ബോർഗിൽ നിന്നും പൊലീസ് അറസ്റ്റ്ചെയ്ത നാല് യുവാക്കളാണ് ഭീകരാക്രമണത്തിന്പദ്ധതിയിട്ടത്.
അന്വേഷണത്തിൽ ഇവർ െഎ.എസ് അനുഭാവികളാണെന്ന് കണ്ടെത്തുകയും ഇവർക്ക് നിർദേശം നൽകിയ ആളെ മെർസാനിയയിൽ നിന്നും അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
ഡിസംബർ ഒന്നിന് രാജ്യത്തെ ഡിസ്നീ ലാൻറ് തീം പാർക്കും ക്രിസ്മസ് വ്യാപാര കേന്ദ്രവും പൊലീസ് ആസ്ഥാനവും അക്രമിക്കാനായിരുന്നു യുവാക്കളുടെ പദ്ധതി. പിടിയിലായവരിൽ നിന്നും നിരവധി തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
2015 നവംബറിൽ െഎ.എസ് ഭീകരർ നടത്തിയ അക്രമണത്തിൽ 130പേരാണ് ഫ്രാൻസിൽ കൊല്ലപ്പെട്ടത്. തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന സന്ദർഭത്തിലാണ് പുതിയ ഭീഷണി.