ടൊറോണ്ടോ: കൊളസ്‌ട്രോള്‍ രണ്ട് തരമുണ്ട്. ഒന്ന് നല്ല കൊളസ്‌ട്രോള്‍ അഥവാ എച്ച്ഡിഎല്‍, രണ്ട് ചീത്ത കൊളസ്‌ട്രോള്‍ അഥവാ എല്‍ഡിഎല്‍. ഇതില്‍ നല്ല കൊളസ്‌ട്രോള്‍ കൂടിയാല്‍ കുഴപ്പമില്ല എന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. എന്നാല്‍ അത് തിരുത്തേണ്ടി വരുമെന്ന് കാനഡയിലെ ടൊറണ്ടോ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. എച്ച് ഡി എല്‍ അധികമാകുന്നത് ഹൃദയാഘാതം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്.
എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ എച്ച്ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുന്ന രീതിയാണ് വൈദ്യശാസ്ത്രം സ്വീകരിക്കുന്നത്. എന്നാല്‍ എച്ച്ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുന്നതുകൊണ്ട് മാത്രം കൊളസ്‌ട്രോള്‍ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കുറയില്ലെന്ന് ഗവേഷകര്‍ പറയുന്നു. എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ അമിത അളവിലാകുന്നതും അപകടത്തിലേക്ക് നയിക്കും. ജീവിത ശൈലി മാറ്റുന്നതിലൂടെ മാത്രമെ കൊളസ്‌ട്രോള്‍ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് ഗവേഷകരുടെ പക്ഷം.
6,31,000 പേരുടെ മെഡിക്കല്‍ ഡാറ്റ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകള്‍ ലഭിച്ചത്. 40നും 105നും ഇടയില്‍ പ്രായമുള്ള രോഗികളിലായിരുന്നു പഠനം.