വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 16 November 2016

നെടുമ്പാശ്ശേരി മനുഷ്യക്കടത്ത്: രണ്ട് വിദേശികള്‍ വ്യാജ പാസ്പോര്‍ട്ടില്‍ രാജ്യം വിട്ടെന്ന് സി.ബി.ഐ



കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രണ്ട് വിദേശികള്‍ വ്യാജ പാസ്പോര്‍ട്ടില്‍ രാജ്യം വിട്ടതായി സി.ബി.ഐ. നെടുമ്പാശ്ശേരി മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് സി.ബി.ഐക്ക് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്.
2008ല്‍ കാസ്പോറോവിസ്കിസ് ലിസ, ക്രിസണ്‍സ് അലന്‍ എന്നീ പേരുകളില്‍ ഗ്രീക്ക് വ്യാജ പാസ്പോര്‍ട്ടുള്ള ഉസ്ബെക്കിസ്ഥാന്‍ സ്വദേശിനി നൂര്‍ജഹാന്‍, അഫ്ഗാനിസ്ഥാന്‍ സ്വദേശി ഹമീദ് മെര്‍സാമാന്‍ എന്നിവരാണ് രാജ്യം വിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അന്ന് എമിഗ്രേഷന്‍ വിഭാഗത്തില്‍ എസ്.ഐയായിരുന്ന ഉദയംപേരൂര്‍ സ്വദേശി യു.കെ. പ്രകാശ് അടക്കം 21 പേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഇതില്‍ അഞ്ചുപേര്‍ പൊലീസ് ഉദ്യോഗസ്ഥരാണ്.
വ്യാജ പാസ്പോര്‍ട്ടാണെന്ന് അറിഞ്ഞ് വിദേശികളെ രാജ്യം വിടാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചതായാണ് സി.ബി.ഐയുടെ ആരോപണം. നേരത്തേ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത രണ്ട് മനുഷ്യക്കടത്ത് കേസുകളില്‍ പ്രതിയായ സിവില്‍ പൊലീസ് ഓഫിസര്‍ അജീബും പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇയാള്‍ 26.4 ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് നിരവധി പേരെ കടത്തിയതെന്നാണ് സി.ബി.ഐയുടെ കണ്ടത്തെല്‍. പണം പിതാവ് എ.എസ്. പരീതിന്‍െറ അക്കൗണ്ടില്‍ അടക്കാന്‍ ഇടപാടുകാരോട് നിര്‍ദേശിക്കുകയായിരുന്നു. പരീതും സി.ബി.ഐയുടെ പ്രതിപ്പട്ടികയിലുണ്ട്.
ഇപ്പോള്‍ മലപ്പുറം വിജിലന്‍സ് ഇന്‍സ്പെക്ടറായ നിലമ്പൂര്‍ സ്വദേശി ഉല്ലാസ് കുമാറും പ്രതിപ്പട്ടികയിലുണ്ട്. തൃശൂര്‍ കഴിമ്പ്രം സ്വദേശി എന്‍.കെ. ജയശങ്കര്‍ (52), കളമശ്ശേരി സ്വദേശി അബ്ദുല്‍ റസാഖ് (66), കിനാശ്ശേരി സ്വദേശി അബ്ദുല്‍ ബഷീര്‍ (56), പെരിന്തല്‍മണ്ണ സ്വദേശി തയ്യില്‍ മൊയ്തീന്‍ (45), കോഴിക്കോട് വടകര സ്വദേശി സി.എച്ച്. മൂസ (50), തിരുമല സ്വദേശി അബ്ദുല്‍ ജലീല്‍ (48), കാലടി ചെങ്ങല്‍ സ്വദേശി പി.കെ. ഷാജഹാന്‍ (49), പത്തനാപുരം സ്വദേശി രാജു (43), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ആര്‍.സജീവ് കുമാര്‍ (43), കണ്ണൂര്‍ മാമ്പ സ്വദേശി കെ.വി. സക്കരിയ (41), ചാവക്കാട് സ്വദേശി കെ.വി. ഹനീഫ (53), ആലപ്പുഴ കലവൂര്‍ സ്വദേശി എ.എസ്. ഡൊമിനിക് (53), തിരുവനന്തപുരം ചെങ്ങോട്ടുകോണം സ്വദേശി ലിങ്സ്റ്റണ്‍ (48), ആലപ്പുഴ എരുവ സ്വദേശി ജോര്‍ജ് ജോണ്‍ (51), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മില്‍ട്ടണ്‍ സെബാസ്റ്റ്യന്‍ (36), ആംഡ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എറണാകുളം പോണേക്കര സ്വദേശി സി.എസ്. ബിജു (45), കടവന്ത്ര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുനൂസ് ബിസിനസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
ട്രാവല്‍ ഏജന്‍സികളില്‍നിന്ന് പണം വാങ്ങിയായിരുന്നു അനധികൃത വിദേശ കടത്തിന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തതെന്നാണ് സി.ബി.ഐയുടെ കുറ്റപത്രം പറയുന്നത്. നേരത്തേ പ്രതിചേര്‍ക്കപ്പെട്ട അഞ്ചുപേരെ മാപ്പുസാക്ഷിയാക്കിയാണ് സി.ബി.ഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് ഇന്‍സ്പെക്ടര്‍ സി.എം. സലീം സാഹിബിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് എറണാകുളം സി.ബി.ഐ കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്.