
രാജ്യത്തെ കാർ നിർമാതാക്കൾക്കു തകർപ്പൻ നേട്ടം സമ്മാനിച്ചു നവരാത്രി, ദീപാവലി ഉത്സവകാലം. പ്രമുഖ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും എതിരാളികളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡും ചേർന്ന് ധൻതേരസ് നാളായ വെള്ളിയാഴ്ച മാത്രം 45,000 യൂണിറ്റ് വിറ്റഴിച്ചെന്നാണു കണക്ക്. പുതിയ വസ്തുക്കൾ വാങ്ങാൻ അത്യുത്തമമായി പരിഗണിക്കപ്പെടുന്ന ധൻതേരസ് നാളിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തന്നെ മുപ്പതിനായിരത്തോളം കാറുകൾ വിറ്റിട്ടുണ്ട്. മുൻവർഷത്തെ വിൽപ്പനയെ അപേക്ഷിച്ച് 20 ശതമാനത്തോളം അധികമാണത്രെ ഇത്. പുതിയ അവതരണങ്ങളായ ‘ബലെനൊ’യോടും ‘വിറ്റാര ബ്രേസ’യോടുമുള്ള വിപണിയുടെ താൽപര്യമാണു കമ്പനിക്കു തുണയായതെന്നാണു വിലയിരുത്തൽ.
അതേസമയം, മുൻ വർഷത്തെ ധൻതേരസിനെ അപേക്ഷിച്ച 26% വർധനയോടെ 15,153 കാറുകളാണു കമ്പനി ഇക്കൊല്ലം വിറ്റതെന്ന് ഹ്യുണ്ടേയ് മോട്ടോർ സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) രാകേഷ് ശ്രീവാസ്തവ അറിയിച്ചു. മാത്രമല്ല, ഈ മാസത്തെ മൊത്തം വിൽപ്പന അര ലക്ഷം യൂണിറ്റിലേറെയാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. മികച്ച മഴ ലഭിച്ചതിനൊപ്പം ഏഴാം ശമ്പള കമ്മിഷൻ ശുപാർശ നടപ്പായതാണു രാജ്യത്തെ വാഹന വിൽപ്പന മെച്ചപ്പെടാൻ വഴിയൊരുക്കിയത്.നവരാത്രി, ദീപാവലി ഉത്സവകാല വിൽപ്പന 10 ലക്ഷം യൂണിറ്റ് പിന്നിട്ടതായി രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു; ധൻതേരസിനു മുമ്പേയാണു കമ്പനി ഈ നേട്ടം കൈവരിച്ചത്.ധൻതേരസിനു മുമ്പേ വിൽപ്പന 10 ലക്ഷം യൂണിറ്റ് പിന്നിട്ട സാഹചര്യത്തിൽ ഈ നവരാത്രി, ദീപാവലി ഉത്സവകാലം മികച്ച നേട്ടം സമ്മാനിക്കുമെന്നു ഹീറോ മോട്ടോ കോർപ് പ്രതീക്ഷ പ്രകടിപ്പിച്ചു. പോരെങ്കിൽ ഉത്സവകാലം പൂർത്തിയാവാൻ ഇനിയും ഒരാഴ്ചയോളം അവശേഷിക്കെ വിൽപ്പനയും ഇനിയും കുതിച്ചുയരുമെന്നും കമ്പനി കരുതുന്നു.