വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Tuesday, 6 December 2016

ജയലളിത അന്തരിച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയുമായ കുമാരി ജെ. ജയലളിത (68) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ തിങ്കളാഴ്​ച രാത്രി 11.30 ഒാടെയായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്ന് സെപ്റ്റംബറിലാണ് ജയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ത്യയിലെയും വിദേശത്തെയും ഡോക്ടർമാരുടെ ചികിത്സയിൽ രോഗമുക്തയായി വീട്ടിലേക്ക് മടങ്ങുവാനിരിക്കെയാണ് ജയക്ക് ഞായറാഴ്ച വൈകീട്ട് ഹൃദയാഘാതമുണ്ടായത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കൃത്രിമ ഉപകരണത്തിന്‍റെ സഹായത്തിലാണ് മുഖ്യമന്ത്രിയുടെ ജീവൻ നിലനിർത്തിയിരുന്നത്. ഇതിനിടെ ഞരമ്പുകളിലെ തടസം പരിഹരിക്കുന്നതിന് തിങ്കളാഴ്ച രാവിലെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. 
സംസ്​ഥാനമെങ്ങും കനത്ത ജാഗ്രതയും സുരക്ഷാ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. അക്രമസംഭവങ്ങൾ തടയാൻ സൈന്യവും രംഗത്തുണ്ട്. ഞായറാഴ്ച വൈകീട്ട് ഹൃദയാഘാതമുണ്ടായതിനു ശേഷം ജയയുടെ ആരോഗ്യത്തെക്കുറിച്ച് കടുത്ത ആശങ്കയിലായിരുന്നു തമിഴ്നാട്. തിങ്കളാഴ്ച രാവിലെ മുതൽ പലതരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. അതിനിടയിൽ ജയയുടെ ആരോഗ്യനില അത്യന്തം വഷളാണെന്നും എന്തും സംഭവിക്കാമെന്ന ആശുപത്രി പുറത്തിറക്കിയ വാർത്താ ബുള്ളറ്റിൻ ഏറെ ആശങ്ക പരത്തി.
ജയലളിതക്ക് ചികിത്സ നൽകിയ ലണ്ടനിലെ റിച്ചാർഡ് ഫീലെയും ആശുപത്രി അധികൃതരും ജയലളിതയുടെ ആരോഗ്യനില മോശമാണെന്ന വിധത്തിൽ ട്വീറ്റ് ചെയ്തത് കടുത്ത ആശങ്ക ഉയർത്തി. ഡൽഹി എയിംസ്​ ആശുപത്രിയിൽനിന്നെത്തിയ നാലംഗ കാർഡിയോളജിസ്​റ്റ് സംഘത്തിെൻറ നേതൃത്വത്തിലും ജയലളിതക്ക് ചികിത്സ ലഭ്യമാക്കിയിരുന്നു.

 
അതിനിടയിലാണ് വൈകീട്ട് അഞ്ചരയോടെ ജയലളിത മരിച്ചെന്ന വാർത്ത സൺ, കലൈജ്ഞർ, പുതിയതലമുറൈ തുടങ്ങിയ തമിഴ് ചാനലുകൾ പുറത്തുവിട്ടത്. ഇതേ തുടർന്ന് ആരാധകർ ആശുപത്രിക്കു മുന്നിലെ ബാരിക്കേഡുകൾ തകർത്ത് അകത്തേക്ക് കയറാൻ ശ്രമമുണ്ടായി. ആശുപത്രിക്കു നേരെ കല്ലേറുമുണ്ടായി. പലയിടങ്ങളിലും പൊലീസ്​ നേരിയ തോതിൽ ലാത്തിവീശി പ്രവർത്തകരെ വിരട്ടിയോടിച്ചു. അതിനിടെ ചെന്നൈ റോയപേട്ടയിലെ അണ്ണാ ഡി.എം.കെ ആസ്​ഥാനത്തെ പാർട്ടി പതാക പ്രവർത്തകർ താഴ്ത്തിക്കെട്ടി. 
 
പിന്നീടാണ് മരണം സ്​ഥിരീകരിച്ചിട്ടില്ലെന്ന് ഭാരവാഹികൾക്ക് വിവരം ലഭിച്ചത്. തുടർന്ന് കൊടിമരത്തിൽ പാർട്ടി പതാക ആഹ്ലാദാരവങ്ങളോടെ വീണ്ടും ഉയർത്തിക്കെട്ടുകയായിരുന്നു. തുടർന്ന് ചാനലുകൾ വാർത്ത പിൻവലിക്കുകയും ജയ മരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ വാർത്താ കുറിപ്പിറക്കുകയും ചെയ്തത് നേരിയ ആശ്വാസമായി. എന്നാൽ, തിങ്കളാഴ്ച അർധരാത്രിയോടെ ജയലളിതയുടെ ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

മരണവാർത്ത അറിഞ്ഞ ഉടൻ നൂറുകണക്കിന് അണ്ണാ ഡി.എം.കെ നേതാക്കളും പ്രവർത്തകരും അടക്കമുള്ളവർ അപ്പോളോ ആശുപത്രിയിലേക്ക് പ്രവഹിക്കുകയായിരുന്നു. ചെന്നൈയിലെ മൃതദേഹം രാജാജി ഹാളിൽ പൊതുദർശനത്തിന് ​വച്ചു. തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും വാഹനങ്ങളിലായി ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങുകൾ വൈകീട്ട്​നാലിന്​ മെറീന ബീച്ചിൽ നടക്കും. എം.ജി.ആർ സ്​മാരകത്തോട്​ ചേർന്ന്​ തന്നെയാകും ജയലളിതക്കും ചിതയൊരുക്കുക.
തമിഴ്നാട്ടിൽ നിന്നും മൈസൂറിൽ താമസമാക്കിയ അയ്യങ്കാർ കുടുംബത്തിലെ ജയറാമിന്‍റെയും സിനിമ നടിയായിരുന്ന സന്ധ്യ എന്ന വേദവല്ലിയുടെയും രണ്ടാമത്തെ മകളായി 1948 ഫെബ്രുവരി 24നാണ്  ജയലളിത എന്ന കോമളവല്ലിയുടെ ജനനം. ചർച്ച് പാർക്ക് കോൺവെന്‍റ് സ്കൂൾ, ബിഷപ്പ് കോട്ടൺ ഹിൽ ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. സ്കൂളിൽ മികച്ച വിദ്യാർഥിനിയായിരുന്നു അവർ. 
ജയക്ക് രണ്ട് വയസുള്ളപ്പോൾ പിതാവ് മരണമടഞ്ഞു. അമ്മയോടൊപ്പം ആദ്യം ബംഗളൂരിലേക്കും പിന്നീട് ചെന്നൈയിലേക്കും താമസം മാറുകയും സിനിമയിലേക്ക് അവസരം തേടാനും കുടുംബം തീരുമാനിക്കുകയായിരുന്നു. ജയലളിതയുടെ അമ്മ സന്ധ്യ എന്ന പേരിൽ സിനിമയിൽ അഭിനയിച്ചു തുടങ്ങി. 15 വയസ്സുള്ളപ്പോൾ തന്നെ ജയലളിതയും സിനിമയിൽ അഭിനയിച്ചു. 1964ൽ 'ചിന്നഡ കൊംബെ' എന്ന കന്നഡ ചിത്രത്തിലാണ് ജയ നായികയായി തുടക്കംകുറിച്ചത്. 'പട്ടിക്കാട്ട് പൊന്നയ്യ' ആണ് ജയലളിത അഭിനയിച്ച അവസാന ചിത്രം. 

‘മക്കള്‍ തിലകം’ എം.ജി.ആറിന്‍െറ ഇദയക്കനിയായിരുന്ന ജയലളിതയുടെ രാഷ്ട്രീയ പ്രവേശനം യാദൃച്ഛികമായിരുന്നു. 1982ലാണ് ജയലളിത അണ്ണാ ഡി.എം.കെയില്‍ ചേരുന്നത്. എം.ജി.ആറിന്‍െറ സാന്നിധ്യത്തില്‍ ‘പെണ്ണിന്‍ പെരുമൈ’ (സ്ത്രീ മഹത്വം) എന്ന വിഷയത്തെ ആസ്പദമാക്കി ജയ നടത്തിയ പ്രസംഗമാണ് രാഷ്ട്രീയത്തിലേക്കുള്ള വഴി തുറന്നിട്ടത്. ജയയുടെ ഇംഗ്ലീഷ് പ്രസംഗത്തിലുള്ള കഴിവ് തിരിച്ചറിഞ്ഞ എം.ജി.ആര്‍ 1984ല്‍ അവരെ രാജ്യസഭയിലേക്ക് അയച്ചു. ’89ലെ തെരഞ്ഞെടുപ്പില്‍ എം.ജി.ആറിന്‍െറ യഥാര്‍ഥ പിന്‍ഗാമി താനാണെന്ന് അവകാശപ്പെട്ട് ജയലളിത രംഗത്തിറങ്ങി. ’91ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 234 സീറ്റില്‍ 225 എണ്ണത്തില്‍ വിജയിച്ച് തെരഞ്ഞെടുക്കപ്പെട്ട തമിഴ്നാട്ടിലെ ആദ്യ വനിത മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തോടെ ആറാംവട്ടവും തമിഴ്നാട് മുഖ്യമന്ത്രിയായി. 
 
ജയലളിത എം.ജി.ആറിനൊപ്പം
 
തമിഴക ഭരണത്തില്‍ ജയലളിതയും കരുണാനിധിയും മാറിമാറി അധികാരത്തില്‍ വരുമ്പോള്‍ പരസ്പരം അഴിമതി-ക്രിമിനല്‍ കേസുകള്‍ ചുമത്തുന്നത് പതിവായിരുന്നു. ജയലളിതയുടെ പേരിലുള്ള അഴിമതി കേസുകളുടെ വിചാരണക്ക് മാത്രമായി മൂന്ന് പ്രത്യേക കോടതികള്‍ രൂപവത്കരിച്ചു. ജയലളിതക്കെതിരെ മാത്രം ഡി.എം.കെ മുന്‍കൈയെടുത്ത് 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 11 കേസുകളിലും വര്‍ഷങ്ങളോളം നീണ്ട നിയമപോരാട്ടത്തിലൂടെ ജയലളിത കുറ്റവിമുക്തയായി. 
എന്നാല്‍, 66 കോടി രൂപയുടെ അിവിഹിത സ്വത്ത് സമ്പാദ്യ കേസില്‍ മാത്രം ജയലളിത ശരിക്കും കുരുങ്ങുകയായിരുന്നു. സുപ്രീംകോടതി പരാമർശത്തെ തുടർന്ന് ജയ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. എന്നാൽ, വിശ്വസ്തനായ പന്നീർശെൽവത്തിന് മുഖ്യമന്ത്രിയാക്കി ജയ തമിഴ്നാട് ഭരണം കൈപിടിയിൽ നിർത്തി.