കോയമ്പത്തൂർ: ജയലളിതക്ക് ഹൃദയാഘാതം സംഭവിച്ച വാർത്ത കേട്ടുണ്ടായ ഞെട്ടലിൽ സംസ്ഥാനത്തെ അഞ്ച് അണ്ണാ ഡി.എം.കെ പ്രവർത്തകർ മരിച്ചു. ജയലളിത പേരവൈ ബ്രാഞ്ച് സെക്രട്ടറി കടലൂർ പൻരുട്ടി സന്യാസിപേട്ട ഗാന്ധിനഗർ കോളനി നീലകണ്ഠൻ (51) ഞായറാഴ്ച രാത്രി ടി.വിയിൽ വാർത്ത കേട്ട് നിമിഷങ്ങൾക്കകം നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
കടലൂർ ജില്ലയിലെ പെണ്ണാടം നെയ്വാസൽ തങ്കരാസു (55), ചാമുണ്ടി (61) എന്നിവരും മരിച്ചു. ഇരുവരും നെയ്വാസൽ ഏരിയ കമ്മിറ്റി അംഗങ്ങളാണ്. നത്തം മുൻ സെക്രട്ടറി പെരിയ സ്വാമിയും (65) ഹൃദയാഘാതംമൂലം മരിച്ചു. പാർട്ടിപ്രവർത്തകയായ കോയമ്പത്തൂർ എൻ.ജി.ജി.ഒ കോളനി ഗാന്ധിനഗർ മാരിച്ചാമി ഭാര്യ പണ്ണമ്മാൾ (62) ടി.വി കാണവെ മയങ്ങിവീണാണ് മരിച്ചത്.
അതേസമയം, എ.ഐ.എ.ഡി.എം.കെ യുവജന വിഭാഗം നേതാവ് വിഷം കഴിച്ച് ജീവനൊടുക്കി. തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂർ മേലേശൊക്കനാഥപുരം സ്വദേശി ചന്ദ്രനാണ് (38) മരിച്ചത്.