വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 31 December 2016

നയതന്ത്രജ്ഞരെ പുറത്താക്കൽ: നടപടി മരവിപ്പിച്ച പുടിനെ പുകഴ്ത്തി ട്രംപ്


വാഷിങ്ടൺ: അമേരിക്കൻ നയതന്ത്രജ്ഞരെ പുറത്താക്കാനുള്ള തീരുമാനം മരവിപ്പിച്ച റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിന്‍റെ നടപടിയെ പുകഴ്ത്തി നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. അൽപം വൈകിയെങ്കിലും മികച്ച തീരുമാനമാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും പ്രസിഡന്‍റ് പുടിൻ മിടുക്കനാണെന്നും ട്രംപ് വ്യക്തമാക്കി.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിയമവിരുദ്ധമായി ഇടപെട്ടുവെന്ന ആരോപണത്തെ തുടര്‍ന്നാണ് 35 റഷ്യന്‍ നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കിയത്. ഇതിന് മറുപടിയായി യു.എസിന്‍െറ 35 നയതന്ത്രജ്ഞരെ പുറത്താക്കണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സര്‍ജി ലാവ്റോവ് പുടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അടിയന്തര നടപടി ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയ പുടിന്‍, നിയുക്ത യു.എസ് പ്രസിഡന്‍റ്് ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറുന്നതു വരെ കാത്തിരിക്കാമെന്നും പറഞ്ഞു.
നവംബറില്‍ നടന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഹാക്കര്‍മാരുടെ ഇടപെടലുണ്ടായെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പ്രസിഡന്‍റ് ബറാക് ഒബാമ പുറത്താക്കിയത്. അതിനിടെ, പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന ആരോപണത്തെക്കുറിച്ച് യു.എസ് അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയും ഹോം ലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്മെന്‍റും നടത്തിയ അന്വേഷണത്തിന്‍െറ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ‘ഫാന്‍സി ബിയര്‍’, ‘കോസി ബിയര്‍’ എന്നീ ഹാക്കർ സംഘങ്ങളാണ് ഇടപെടല്‍ നടത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
2001ന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര യുദ്ധം ഇത്രമേല്‍ രൂക്ഷമാവുന്നത്. 2001ല്‍ ജോര്‍ജ് ഡബ്ല്യു. ബുഷ് ഭരണകൂടം 51 റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയപ്പോള്‍ 50 യു.എസ് നയതന്ത്രജ്ഞരെ പുറത്താക്കിയാണ് റഷ്യ തിരിച്ചടിച്ചത്.
ജനുവരി 20നാണ് ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്‍റായി അധികാരമേൽക്കുന്നത്.