വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 16 November 2016

മഷി പുരട്ടല്‍; ആസൂത്രണപ്പിഴവിന്‍െറ പുതിയ തെളിവ്




തൃശൂര്‍: മുന്നൊരുക്കം ഒന്നുമില്ലാതെ പ്രധാനമന്ത്രി മോദി നടത്തിയ ‘വിപ്ളവ’മാണ് നോട്ട് പിന്‍വലിക്കലെന്ന് അടിക്കടി ഇറങ്ങുന്ന ഉത്തരവുകള്‍ സാക്ഷ്യപ്പെടുത്തുന്നു. സഹകരണ മേഖലയുടെ കാര്യത്തിലും മാറ്റിക്കൊടുക്കേണ്ട തുകയുടെ കാര്യത്തിലും മാറിയും മറിഞ്ഞും ഉത്തരവുകള്‍ ഇറങ്ങുന്നതുപോലെ ‘കളി കൈവിടുന്നു’വെന്ന് ബോധ്യമായപ്പോള്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണമാണ് മഷി പുരട്ടലെന്ന് ബാങ്കിങ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ദീര്‍ഘകാലത്തെ ആസൂത്രണത്തിന് ശേഷമാണ്  500, 1000 രൂപയുടെ നോട്ട് പിന്‍വലിച്ച നടപടിയെന്നാണ് മോദി മേനി നടിക്കുന്നത്. ഇത് നുണയാണെന്നതിന് തെളിവാണ് ഇപ്പോഴത്തെ ‘ക്യൂ ഇന്ത്യ’. നോട്ട് പിന്‍വലിച്ചതിന്‍െറ പിറ്റേന്ന്  ബാങ്കുകള്‍ ബിസിനസ് ഹോളിഡേ പ്രഖ്യാപിക്കേണ്ടി വന്നതുതൊട്ട് തുടങ്ങുന്നു പിഴവ്.  പിറ്റേന്ന് ബാങ്ക് തുറന്നാലുടന്‍ പരിധി വെച്ച് പകരം പണം കിട്ടുമെന്നും അതിന്‍െറ അടുത്ത ദിവസം എ.ടി.എമ്മില്‍ ചെന്നാല്‍ നിശ്ചിത തുക പിന്‍വലിക്കാമെന്നും പറഞ്ഞത് വെറുതെയായി.
കേരളത്തില്‍ ജനങ്ങളുമായി ഏറ്റമടുത്ത് പ്രവര്‍ത്തിക്കുന്നത് സഹകരണ മേഖലയാണ്. അവര്‍ക്ക് ആദ്യ ദിവസം അസാധുവായ നോട്ട് സ്വീകരിക്കാന്‍ വിലക്കുണ്ടായിരുന്നു. അടുത്ത ദിവസം ഉച്ച മുതല്‍ സ്വീകരിക്കാന്‍ അനുമതി ലഭിച്ചു; പകരം പുതിയ നോട്ട് നല്‍കരുതെന്ന് വ്യവസ്ഥയും വെച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ആ ഇളവ് പിന്‍വലിച്ചു. അതിന്‍െറ അസ്വസ്ഥത നാട്ടിന്‍പുറങ്ങളില്‍ പ്രകടമാണ്. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ഷെഡ്യൂള്‍ഡ് ബാങ്കില്‍നിന്ന് പണം പിന്‍വലിക്കാന്‍ വിലക്ക് കൊണ്ടുവന്നതാണ് ഏറ്റവും പുതിയ നടപടി.
ഏറ്റവും പുതിയ നിര്‍ദേശമാണ്, നോട്ട് മാറ്റാന്‍ എത്തുന്നവരു കൈയില്‍ മഷി പുരട്ടണമെന്നത്. ഇപ്പോള്‍തന്നെ ജീവനക്കാര്‍ രാവോളം പണിയെടുത്തിട്ടാണ് ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കുന്നത്. മഷി പുരട്ടാന്‍ കൂടി സമയമെടുത്താന്‍ സ്ഥിതി എന്താവുമെന്ന് ബാങ്കിങ് സംഘടനാ പ്രതിനിധികള്‍ ചോദിക്കുന്നു. ഒരിക്കല്‍ നോട്ട് മാറ്റിയവര്‍ വീണ്ടും വരുന്നുവെന്നും അത് മറ്റുള്ളവരുടെ അവസരം നഷ്ടപ്പെടുത്തുവെന്നും പറഞ്ഞാണ് മഷി പുരട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇത് വിചിത്ര വാദമാണ് ബാങ്ക് ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ പറയുന്നു.
എ.ടി.എമ്മുകള്‍ക്ക് മുന്നിലെ നിലക്കാത്ത വരി കുറയാന്‍ അടിയന്തരമായി വേണ്ടത് 500ന്‍െറ നോട്ടുകളാണ്. തിരുനന്തപുരത്ത് റിസര്‍വ് ബാങ്കില്‍ പുതിയ 500ന്‍െറ നോട്ട് എത്തിയിട്ടുണ്ട്. എന്നാല്‍, അത് നിറക്കാന്‍ വേണ്ട ക്രമീകരണം എ.ടി.എമ്മുകളില്‍ വരുത്തിയിട്ടില്ല. ബാങ്കുകളിലേക്ക് പണമത്തെിയാല്‍ തിരക്കിന്‍െറ ഇരട്ടിപ്പാണ് സംഭവിക്കാന്‍ ഇരിക്കുന്നത്. മുമ്പ് 2000ന്‍െറ ഒറ്റനോട്ട് കിട്ടി മാറാന്‍ കഴിയാത്തവര്‍ കൂടി അത് 500 ആക്കാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വരി നില്‍ക്കും. 2000ന്‍െറ നോട്ടുകള്‍ അടുത്തദിവസം മുതല്‍ ഏതാനും എ.ടി.എമ്മുകളില്‍ ലഭ്യമാവുമെന്ന് പറയുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ ഉറപ്പില്ല.