വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 4 November 2016

രൂക്ഷമായ മണലെടുപ്പ്; കടല്‍ മത്സ്യങ്ങള്‍ ഭാരതപ്പുഴയില്‍





Image result for sea fish pictures
മലപ്പുറം: നമ്മുടെ പുഴകളില്‍ ഇനി കടല്‍ മത്സ്യങ്ങളെ കണ്ടാല്‍ അത്ഭുതപ്പെടേണ്ട. കടല്‍പരപ്പു വിട്ട് മത്സ്യങ്ങള്‍ കൂട്ടത്തോടെ പുഴയിലേക്ക് എത്തുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. കടലില്‍ മാത്രമുണ്ടായിരുന്ന മത്സ്യങ്ങളെ ഭാരതപ്പുഴയിലും പെരിയാറിലുമെല്ലാം ഇതിനകം കണ്ടെത്തിയിട്ടുണ്ട്. അനധികൃത മണലെടുപ്പിനെ തുടര്‍ന്ന് പുഴയുടെ അടിത്തട്ട് താഴുകയും ജലവിതാനം കുറയുകയും ചെയ്തതോടെയാണ് കടല്‍ വെള്ളവും മത്സ്യങ്ങളും പുഴയിലേക്ക് എത്തുന്നത്.കടലില്‍ കാണപ്പെടുന്ന ഇരുപതോളം മത്സ്യ ഇനങ്ങളുടെ സാന്നിധ്യമാണ് ഭാരതപ്പുഴയില്‍ ഇപ്പോഴുള്ളത്. ചെമ്പല്ലി, സ്രാവിന്‍ കുഞ്ഞുങ്ങള്‍, മാന്തള്‍, പാര, കണമ്പ് തുടങ്ങിയവയാണ് പ്രധാനമായും ഭാരതപ്പുഴയുടെ വിവിധ ഭാഗങ്ങളിലെത്തിയിരിക്കുന്നത്. മണലെടുപ്പിനെ തുടര്‍ന്ന് ഭൂഗര്‍ഭജലം പുഴയിലേക്ക് എത്താതാകുകയും കടല്‍വെള്ളം കൂടുതലായി കയറുകയും ചെയ്യുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പൊന്നാനി മുതല്‍ പാലക്കാട് ജില്ലയിലെ പറളി വരെയുള്ള ഭാരതപ്പുഴയുടെ ഭാഗങ്ങളില്‍ നിരവധി കടല്‍ മത്സ്യങ്ങളാണ് കയറിയിട്ടുള്ളത്. കുറ്റിപ്പുറത്ത് നിന്നും ഒറ്റപ്പാലത്ത് നിന്നുമെല്ലാം ഇവയെ പിടികൂടുകയും ചെയ്തതായി പഠനം നടത്തിയ കേരള സര്‍വകലാശാല അക്വാട്ടിക്ക് ബയോളജി ആന്‍ഡ് ഫിഷറീസ് പഠന വകുപ്പ് മേധാവി ഡോ. എ ബിജുകുമാര്‍ പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായി നടത്തിയ പഠനത്തില്‍ ഭാരതപ്പുഴയിലും അതിന്റെ നാല് കൈവരികളിലും കടല്‍ മത്സ്യസാന്നിധ്യം കണ്ടെത്താനായി. പൊന്നാനി അഴിമുഖം മുതല്‍ കുറ്റിപ്പുറം വരെ കടല്‍മത്സ്യം ഭാരതപ്പുഴയില്‍ കയറിയതായി 2010ന് മുമ്പ് തന്നെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് ഭാഗങ്ങളില്‍ കൂടി കടല്‍ മത്സ്യങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
അതിരൂക്ഷമായ മണലെടുപ്പിനെ തുടര്‍ന്ന് തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം ഭാഗങ്ങളില്‍ പുഴ രണ്ട് മീറ്ററോളം താഴുകയും ശുദ്ധജലത്തിന്റെ സംഭരണം കുറയുകയും ചെയ്തിട്ടുണ്ട്. ഇത് കടല്‍വെള്ളം വ്യാപകമായി പുഴയിലെത്താന്‍ കാരണമായി. ഭാരതപ്പുഴ കേന്ദ്രീകരിച്ചായിരുന്നു പഠനമെങ്കിലും പെരിയാറിലും ഇത്തരത്തില്‍ കടല്‍ മത്സ്യങ്ങളുടെ സാന്നിധ്യമുണ്ടായതായി ബിജു കുമാര്‍ പറയുന്നു. നേരത്തെ തന്നെ ഇവ അപൂര്‍വമായി എത്താറുണ്ടെങ്കിലും ഇത്തരത്തില്‍ കൂടുതലായി കാണപ്പെടുന്നത് ആദ്യമായാണ്. എന്നാല്‍ ചമ്രവട്ടം ബ്രിഡ്ജ് നിര്‍മിച്ചതിന് ശേഷം ഈ ഭാഗത്ത് മത്സ്യങ്ങള്‍ എത്തുന്നത് കുറയാന്‍ കാരണമായിട്ടുണ്ട്.
കടല്‍വെള്ളം എത്തിയതോടെ പുഴ മത്സ്യങ്ങളുടെ എണ്ണം കുറയാനും ഇടയാക്കിയിട്ടുണ്ട്. കൂടാതെ പുഴക്ക് സമീപത്തെ വീടുകളിലെ കിണറുകളില്‍ ഉപ്പുവെള്ളം കലരുകയും ചെയ്യും. പുഴയിലെ ജലവിതാനം അനുസരിച്ചാണ് സമീപത്തെ വീടുകളിലെ കിണറുകളിലെ ജലനിരപ്പില്‍ മാറ്റമുണ്ടാകാറുള്ളത്. ഭാരതപ്പുഴയിലെ മണലെടുപ്പ് തടയുകയാണ് ഇതിനുള്ള ഏക പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.