കാഞ്ഞങ്ങാട്: സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാംമതം സ്വീകരിച്ച് ആയിഷയായി പേര് സ്വീകരിച്ചതായി ഉദുമ കണിയംപാടിയിലെ ആതിര കോടതിയില്‍ മൊഴി നല്‍കി. ജൂലായ് 10ന് കാണാതായ ആതിരയെ വ്യാഴാഴ്ച കണ്ണൂര്‍ ബസ് സ്റ്റാന്റില്‍ നിന്നാണ് ബേക്കല്‍ പോലിസ് പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ യുവതി മറ്റാരുടേയും പ്രേരണയുണ്ടായിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം മതം മാറുകയായിരുന്നുവെന്നും മൊഴി നല്‍കി. സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിക്കണമെന്ന യുവതിയുടെ വാദം കോടതി സ്വീകരിച്ചു. തുടര്‍ന്ന് യുവതിയെ പരവനടുക്കത്തെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. കൂടുതല്‍ മതപഠനത്തിനായി മഞ്ചേരിയിലേക്ക് പോകും.
യുവതിയെ കാണാതായതിനെ തുടര്‍ന്ന് ഇവരുടെ മുറിയില്‍ നടത്തിയ പരിശോധനയില്‍ കത്ത് കണ്ടെത്തിയിരുന്നു. ഇസ്‌ലാം മതത്തില്‍ ചേരാന്‍ പോവുകയാണെന്നാണ് കത്തില്‍ വ്യക്തമാക്കിയിരുന്നത്.
16 ദിവസത്തോളം ആതിരയെ കണ്ടെത്താന്‍ പോലിസ് ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല.
മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കിയ നിലയിലായിരുന്നു. രണ്ടു ദിവസം മുമ്പ് ഫോണ്‍ ഓണ്‍ ചെയ്യുകയും എറണാകുളമാണ് ലൊക്കേഷനെന്നു വ്യക്തമാവുകയും ചെയ്തു. അവിടം കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ആതിര, ആയിഷയായി പേരും വേഷവും മാറി കണ്ണൂര്‍ ബസ്സ്റ്റാന്റില്‍ ബേക്കല്‍ പോലിസിനു മുമ്പാകെ പ്രത്യക്ഷപ്പെട്ടത്. ഉടന്‍ കസ്റ്റഡിയിലെടുത്ത് ബേക്കലിലെത്തിച്ച് വിശദമായ മൊഴിയെടുത്തു.
സ്വന്തം ഇഷ്ടത്തിനാണ് വീട്ടില്‍ നിന്നിറങ്ങിയതെന്നും വര്‍ഷങ്ങളായി ഇസ്‌ലാമിനെ കുറിച്ച് പഠിക്കുകയായിരുന്നു, ഇപ്പോള്‍ ഇസ്‌ലാമില്‍ ചേര്‍ന്നു ആയിഷയെന്നു പേരു സ്വീകരിച്ചുവെന്ന് പോലിസിനു മൊഴി നല്‍കി. വീട്ടുകാര്‍ സ്വീകരിക്കുകയാണെങ്കില്‍ പുതിയ വിശ്വാസ പ്രകാരം അവരോടൊപ്പം താമസിക്കുമെന്നും മൊഴി നല്‍കി. കണ്ണൂരിലെ സുഹൃത്തിന്റെ വീട്ടിലാണ് ഇത്രയും ദിവസം താമസിച്ചിരുന്നതെന്നും തന്നെ ആരും കൊണ്ടുപോയതല്ലെന്നും മൊഴി നല്‍കി. തുടര്‍ന്ന് കനത്ത പോലിസ് കാവലില്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കുന്നതിനായി കാഞ്ഞങ്ങാട്ട് എത്തിച്ചു.
ആതിരയെ കോടതിയില്‍ ഹാജരാക്കാന്‍ സാധ്യതയുണ്ടെന്ന ധാരണയില്‍ ഒരു സംഘം മജിസ്‌ട്രേറ്റിന്റെ വസതിക്കു സമീപത്തു തടിച്ചു കൂടിയിരുന്നു. ഇവരെ പോലിസ് ലാത്തിവീശി ഓടിച്ച ശേഷമാണ് യുവതിയെ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയത്.
പോലിസിനു നല്‍കിയ മൊഴി തന്നെ യുവതി കോടതിയിലും ആവര്‍ത്തിച്ചു.
സംഘ്പരിവാര്‍ ആഭിമുഖ്യമുള്ള പത്രങ്ങളും ചാനലുകളും പെണ്‍കുട്ടിയെ നിര്‍ൂന്ധിച്ച് മതം മാറ്റിയെന്നും
ഐഎസിലേക്ക് തട്ടിക്കൊണ്ടുപോയെന്നും കുറേനാളായി പ്രചരിപ്പിച്ചുവരികയായിരുന്നു.
സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്ന് ആതിര മൊഴി നല്‍കിയതോടെ ഇവരുടെ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞു.